യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്; പത്തോളം പേർക്ക് പരുക്ക്

Update: 2024-06-16 03:56 GMT

യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിലുണ്ടായ വെടിവയ്‌പിൽ പത്തോളം പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ എട്ടുവയസുകാരിയടക്കം രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിനുശേഷം സമീപത്തെ വീട്ടിൽ ഒളിച്ചിരിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമം തുടരുന്നതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കിൾ ബൗചാർഡ് പറഞ്ഞു.

റോക്സ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്സ് പ്ലാസ സ്പ്ലാഷെന്ന പാർക്കിലാണ് വെടിവയ്പുണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്തെ ആളുകൾ വീടിനകത്ത് കഴിയണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. 

‌ശനിയാഴ്ച യുഎസ് സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. 28 തവണ ഇയാൾ നിറയൊഴിച്ചതായി ബൗചാർഡ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. തോക്ക് കുറ്റകൃത്യങ്ങൾ ഗുരുതരമായ യുഎസിൽ 2024ൽ ഇതുവരെ 215 വെടിവയ്പുകളാണുണ്ടായത്.

Tags:    

Similar News