ഇസ്രായേൽ ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: യുഎന്‍

Update: 2024-10-12 10:13 GMT

ഹമാസുമായുള്ള യുദ്ധത്തിനിടയില്‍ ഗസ്സയുടെ ആരോഗ്യസംവിധാനത്തെ തകർക്കാനുള്ള ഗൂഢനയം ഇസ്രായേൽ നടപ്പിലാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ ആരോപിച്ചു. ആരോഗ്യ മേഖലക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളും ഫലസ്തീൻ തടവുകാരോടുള്ള പെരുമാറ്റവും യുദ്ധക്കുറ്റങ്ങളാണെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായ ഉന്മൂലനം ആണെന്നും കമ്മീഷൻ റിപ്പോർട്ട് ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുൻ യുഎൻ മനുഷ്യാവകാശ മേധാവി നവി പില്ലയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് ഒക്ടോബർ 30 ന് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കും.

ഇസ്രായേല്‍ സൈന്യം ആരോഗ്യ പ്രവര്‍ത്തകരെ മനഃപൂര്‍വം കൊല്ലുകയും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയിലെ ആരോഗ്യ സംവിധാനത്തിന്‍റെ തകര്‍ച്ച കുട്ടികളെ പ്രത്യേകിച്ച് ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. ഇസ്രായേലി പട്ടാളത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ആറു വയസുകാരി ഹിന്ദ് റജബിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ നിന്ന് കുടുംബത്തിനൊപ്പം കാറിൽ പലായനം ചെയ്യുകയായിരുന്നു കുഞ്ഞു റജബ്. എന്നാൽ കരുതിക്കൂട്ടി തന്നെ ഇസ്രായേൽ പട്ടാളം ഈ കാറിനെ ലക്ഷ്യമിടുകയായിരുന്നു. സൈന്യത്തിന്‍റെ ആക്രമണത്തില്‍ റജബ് ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി ആറു വയസുകാരി ഫലസ്തീൻ റെഡ് ക്രസന്‍റ് സൊസൈറ്റി ടീമുമായി ബന്ധപ്പെട്ടു. എന്നാല്‍ റജബിനെയും രക്ഷിക്കാനെത്തിയ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരെയും ഇസ്രായേല്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം തലമുറകളുടെ തന്നെ നാശത്തിന് കാരണമാകുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത് ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷ നവി പില്ല പറഞ്ഞു.ആശുപത്രികള്‍ ആക്രമിക്കുന്നതിലൂടെ സാധാരണക്കാരുടെ ആരോഗ്യത്തിനുള്ള അവകാശം നിഷേധിക്കുകയെന്നതാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.

മെഡിക്കൽ സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, പ്രത്യേകിച്ച് ശിശുരോഗ, നവജാത ശിശുക്കളുടെ പരിചരണം എന്നീ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള രോഗികളെ എണ്ണമറ്റ ദുരിതത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ബന്ദികളെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നു.

Tags:    

Similar News