ടിം വാൾസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ; പ്രഖ്യാപനം നടത്തി പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്
വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിനസോട്ട ഗവർണർ ടിം വാൾസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമലാ ഹാരിസ് തെരഞ്ഞെടുത്തു. ഇതോടെ നവംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ കമലയും വാൾസനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനെയും ജെ.ഡി വാൻസിനെയും നേരിടും. വാഷിങ്ടണിലെ തന്റെ വസതിയിൽ മത്സരാർഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിം വാൾസന് നറുക്ക് വീണത്.
യു.എസ് ആർമി നാഷണൽ ഗാർഡ് മുതിർന്ന ഉദ്യോഗസ്ഥനും മുൻ അധ്യാപകനുമായ 60-കാരനായ വാൾസ് 2006-ൽ യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018ലാണ് അദ്ദേഹം മിനസോട്ട ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ന് ഫിലഡൽഫിയയിൽ ഇരുവരും ഒരുമിച്ച് പ്രചരണ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് നാളെ മുതൽ 7 നിർണായക സംസ്ഥാനങ്ങളിൽ പ്രചരണ പര്യടനവും നടക്കും. വാൾസ് 24 വർഷം ആർമി നാഷണൽ ഗാർഡിലും പിന്നീട് ഒരു പതിറ്റാണ്ട് യു എസ് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.
ബൈഡൻ സർക്കാറിലെ നാല് ഗവർണർമാർ, ഒരു സെനറ്റർ, ഒരു കാബിനറ്റ് സെക്രട്ടറി എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുണ്ടായിരുന്നത്. അരിസോണിയയിലെ യു.എസ് സെനറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവർ വാൾസന് കനത്ത വെല്ലുവിളിയുയർത്തിയിരുന്നു.
സൗജന്യ സ്കൂൾ ഭക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലക്ഷ്യങ്ങൾ, ഇടത്തരക്കാർക്ക് നികുതിയിളവ്, മിനസോട്ടയിലെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധികൾ തുടങ്ങിയവ നടപ്പിലാക്കുന്നതിലൂടെ ടിം വാൾസ് ശ്രദ്ധ നേടിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുകയും വോട്ട് നൽകുകയും ചെയ്ത വെള്ളക്കാരായ ഗ്രാമീണ വോട്ടർമാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ വാൾസൻ നടത്തിയ ഇടപെടലുകൾ ചർച്ചയായിരുന്നു.
കമലാ ഹരിസിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനേക്കാൾ മുൻതൂക്കമെന്ന് തെളിയിക്കുന്ന റോയിട്ടേഴ്സ്/ഇപ്സോസ് സർവേകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏതാനും ദിസങ്ങൾക്കുമുമ്പാണ് ബൈഡൻ പിൻമാറുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് നടന്ന സർവേകളിൽ ബൈഡനേക്കാൾ ട്രംപിനായിരുന്നു മുൻതൂക്കം. ഇതാണ് കമലാ ഹാരിസ് മറികടന്നത്. മുൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വാൾസൻകൂടി മത്സരരംഗത്തെത്തിയതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശക്തമാകും