'ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ അർത്ഥമില്ല' ; രാജി പ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ

Update: 2024-08-15 10:47 GMT

നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞതിനെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. 67 കാരനായ കിഷിദ സെപ്തംബറിൽ സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു.

രാജിയിലേക്ക് നയിച്ചത് എന്തെല്ലാം?

പൊതുജനങ്ങൾക്കിടയിലുണ്ടായ താൽപ്പര്യക്കുറവിനെത്തുടർന്നാണ് രാജി. കിഷിദയ്ക്ക് നേരെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും തുടർച്ചയായി ഉയർന്നുവന്നതും രാജിക്ക് കാരണമായി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ കിഷിദ 2021 ലാണ് ജപ്പാൻ പ്രധാനമന്ത്രിയാകുന്നത്. ഈ സെപ്റ്റംബറിൽ കിഷിദ പ്രധാനമന്ത്രി പദത്തിൽ മൂന്നു വർഷം തികയുകയാണ്. ഈ സാഹചര്യത്തിലാണ് ഇനി ഭരണനേതൃത്വത്തിലേക്കില്ലെന്നും, പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനും പാർട്ടിയോട് ആവശ്യപ്പെട്ടത്. മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള പിൻഗാമിയെ കണ്ടുപിടിക്കാനാണ് പാർട്ടിയോട് കിഷിദ ആവശ്യപ്പെട്ടിട്ടുള്ളത്.

വിവാദമായ യൂണിഫിക്കേഷൻ ചർച്ചുമായി ഭരണകക്ഷിയായ എൽഡിപിയുടെ ബന്ധം പുറത്തുവന്നതോടെയാണ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായത്. ജപ്പാനിലെ യൂണിഫിക്കേഷൻ ചർച്ചയ്ക്ക് പിന്നാലെ പാർട്ടി ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നിരുന്നു.

കൊവിഡ് കാലത്ത് കിഷിദ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു. പിന്നീട് ബാങ്ക് ഓഫ് ജപ്പാൻ അപ്രതീക്ഷിതമായി പലിശ നിരക്ക് ഉയർത്തിയത് സ്റ്റോക്ക് മാർക്കറ്റിൽ അസ്ഥിരതയ്ക്ക് കാരണമായി. യെൻ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. യൂണിഫിക്കേഷൻ ചർച്ചും എൽഡിപിയും തമ്മിലുള്ള ബന്ധവും എൽഡിപിയുടെ രേഖകളിലില്ലാത്ത ധനസമാഹരണവും ജപ്പാനിൽ വിവാദമായി. ഇതോടൊപ്പം വർദ്ധിച്ചുവരുന്ന ജീവിത ചെലവുകൾക്ക് അനുസരിച്ച് വേതന വർദ്ധനവുണ്ടാകാത്തതിലും ജനങ്ങൾ അസ്വസ്ഥരായിരുന്നു.

പ്രധാനമന്ത്രി കിഷിദയുടെ ധീരമായ നേതൃത്വം എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം നല്ല സുഹൃത്താണെന്നും യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. കിഷിദയ്ക്ക് ശേഷം ആര് പ്രധാനമന്ത്രിയായാലും അമേരിക്ക ജപ്പാനുമായുള്ള സഹകരണവും പങ്കാളിത്തവും തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

പിൻ​ഗാമിയാകാൻ ആര്?

കിഷിദ ഒഴിയുന്ന സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താൻ എൽഡിപി സെപ്റ്റംബറിൽ യോഗം ചേരും. പ്രതിരോധ മന്ത്രിയായ ഷിഗെരു ഇഷിബ (67) പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്. മതിയായ പിന്തുണ ലഭിച്ചാൽ തന്റെ കടമ നിറവേറ്റാമെന്ന് അദ്ദേഹം പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി യോക്കോ കാമികാവ, ഡിജിറ്റൽ മന്ത്രി ടാരോ കോനോ, മുൻ പരിസ്ഥിതി മന്ത്രി ഷിൻജിറോ കൊയ്സുമി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

2025 ലാണ് ജപ്പാനിൽ തെരഞ്ഞെടുപ്പ്. അതിനാൽ പുതിയ പ്രധാനമന്ത്രിക്ക് പ്രതിഛായ തിരിച്ചുപിടിക്കാൻ കഷ്ടിച്ച് ഒരുവർഷം മാത്രമേ ലഭിക്കൂ. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കിഷിദയുടെ എൽഡിപി.

Tags:    

Similar News