യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 പേരെ പട്ടിണിക്കിട്ട് കൊന്ന സംഭവം ; കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരായ വിചാരണ തുടങ്ങി
യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 ലധികം വരുന്ന അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കെനിയൻ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി വിചാരണ തുടങ്ങി. കെനിയൻ പാസ്റ്ററായ പോൾ എന്തെൻഗെ മെക്കൻസിയയാണ് വിചാരണ നേരിടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖ നഗരമായ മൊംബാസയിലെ കോടതിയിൽ 94 കൂട്ടുപ്രതികൾക്കൊപ്പമാണ് പോൾ എന്തെൻഗെ മക്കെൻസി ഹാജരായത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്റെ നേതാവുമായ മക്കെൻസി അറസ്റ്റിലാകുന്നത്. ക്രിസ്തുവിനെ കാണിക്കാമെന്ന് പറഞ്ഞ് തന്റെഅനുയായികളെ കെനിയയിലെ മലിൻഡി നഗരത്തോട് ചേർന്ന വനമേഖലയിൽ പട്ടിണി കിടന്ന് മരിക്കാൻ ആഹ്വനം ചെയ്തത്. വനമേഖലയിൽ നിന്ന് 400 ഓളം പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഷാക്കഹോള കൂട്ടക്കൊല എന്ന പേരിലാണ് ഈ സംഭവം അറിയപ്പെടുന്നത്. കൂടുതൽ പേരും പട്ടിണി കിടന്നാണ് മരിച്ചതെങ്കിലും കുട്ടികളടക്കമുള്ള ചിലർ കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിയും മർദനമേറ്റും മരിച്ചതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ചിലരുടെ ശരീരാവയവങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോകത്തെ ഞെട്ടിച്ച ക്രൂരസംഭവത്തിൽ പ്രതികൾക്കെതിരെ തീവ്രവാദ പ്രവൃത്തി, കൊലപാതകം, നരഹത്യ, തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജനുവരിയിൽ നടന്ന ഹിയറിംഗിൽ അദ്ദേഹവും കൂട്ടുപ്രതികളും തീവ്രവാദ കുറ്റം നിഷേധിച്ചിരുന്നു.
ടാക്‌സി ഡ്രൈവറായിരുന്ന മെക്കൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് അഥവാ ഷാക്കഹോള കൾട്ട് എന്ന പേരിലായിരുന്നു മതപ്രസ്ഥാനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 14 ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുന്നത്. വനത്തിനുള്ളിൽ വിചിത്ര പ്രാർഥനയും ആചാരവും നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അറിയാനായത്. ഏപ്രിൽ മധ്യത്തിലായിരുന്നു ഇത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ അന്ന് കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് വ്യാപക പരിശോധന നടത്തിയതും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതും.
വനത്തിൽ പോയി പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്റർ പോൾ മക്കെൻസിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കർ വരുന്ന ഷാക്കഹോല വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ 110 മൃതദേഹങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്.
കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ ആഹ്വാനം. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികൾ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഷാക്കഹോള കൂട്ടക്കൊല അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ആഭ്യന്തരമന്ത്രി കിത്തുരെ കിണ്ടികി രംഗത്തെത്തിയിരുന്നു.