സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ പെട്ട് അപകടം ഉണ്ടായ സംഭവം ; പരസ്യമായി മാപ്പപേക്ഷിച്ച് സിംഗപ്പൂർ എയർലൈൻസ് സിഇഒ

Update: 2024-05-22 10:18 GMT

വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

' വിമാനത്തിലെ യാത്രാക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ സി.ഇ.ഒ ഗോ ചൂൻ ഫോങ് പറഞ്ഞു. ആവശ്യമായ എല്ലാ പിന്തുണയും എയർലൈൻ നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സിംഗപ്പൂർ എയർലൈൻസിന് വേണ്ടി, മരിച്ചവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും സാധ്യമായ എല്ലാ സഹായവും പിന്തുണയും സിംഗപ്പൂർ എയർലൈനുകൾ നൽകും. അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കും..' വീഡിയോ സന്ദേശത്തിൽ ഗോ ചൂൻ ഫോങ് പറഞ്ഞു.

37,000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ആടി ഉലഞ്ഞ് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്തത്. അപകടത്തിന്റെ ആഘാതത്തിൽ 73 കാരനായ ബ്രിട്ടീഷ് പൗരൻ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മരിച്ചയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഭാര്യയോടൊപ്പം അവധി ആഘോഷിക്കാൻ വേണ്ടി പോയ ജിയോഫ് കിച്ചൻ എന്നയാളാണ് മരിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്താണ് ആകാശച്ചുഴി?

ഏവിയേഷൻ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്. കാറ്റിന്റെ സമ്മർദത്തിലും , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

Tags:    

Similar News