ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ; സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കിയതായി ഔദ്യോഗിക ഇറാൻ മാധ്യമമായ 'പ്രസ് ടി.വി' റിപ്പോർട്ട് ചെയ്തു. ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫയിലാണു സംഭവം.
റഈസിക്കു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി ഉൾപ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം. സാങ്കേതിക തകരാർ നേരിട്ടതിനു പിന്നാലെ ഹെലികോപ്ടർ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് ഉടൻ തന്നെ രക്ഷാസംഘങ്ങൾ തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അയൽരാജ്യമായ അസർബൈജാനുമായി അതിർത്തി പങ്കിടുന്ന ഇറാൻ നഗരമാണ് ജോൽഫ.