ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം ; അക്രമി പൊലീസ് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടി വിരട്ടി, വെളിപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെക്കും മുമ്പ് അക്രമിയായ തോമസ് മാത്യു ക്രൂക്കിനെ പൊലീസ് കണ്ടതായി വെളിപ്പെടുത്തൽ. പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിനെ ലക്ഷ്യമിട്ട് വെടിയുണ്ട എത്തിയത്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വെടിയുണ്ടയേറ്റ ട്രംപിന് പിന്നിൽ നിന്നിരുന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കെ സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറിയാണ് ക്രൂക്സ് വെടിയുതിർത്തത്. ഈ മേൽക്കൂരയിലേക്ക് വലിഞ്ഞുകയറുന്നതിനിടെയാണ് ക്രൂക്‌സിനെ പൊലീസുകാരൻ കാണുന്നത്. എന്നാൽ തോക്ക് കാണിച്ച് പൊലീസുകാരനെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ തന്നെ ക്രൂക്സ് വെടിവെപ്പും നടത്തി. സംഭവസ്ഥലത്തുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. നേരത്തെ കണ്ടതുകൊണ്ടാണ്ട് ക്രൂക്സിനെ എളുപ്പത്തില്‍ കീഴടക്കാനായതെന്നും പറയപ്പെടുന്നു.
വെടിവെപ്പ് സംഭവം അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ആര്‍ക്കും വെടിവെക്കാനാവും വിധം അമേരിക്കയിലെ സുരക്ഷയൊക്കെ ഇത്രയേയുള്ളൂ എന്നാണ് പലരും ചോദിക്കുന്നത്. എങ്ങനെയാണ് അക്രമിക്ക് എളുപ്പത്തില്‍ ട്രംപിനെ ലക്ഷ്യമിടാനാവും വിധം എത്തിപ്പെടാനായി എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഒരു 20കാരന്‍ ഇത്തരത്തിൽ അക്രമം നടത്തി എന്നറിഞ്ഞപ്പോൾ അമ്പരന്ന് പോയെന്നായിരുന്നു എഫ്.ബി.ഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ) ഉദ്യോഗസ്ഥനായ കെവിൻ റോജക് വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞത്.
അതേസമയം വധശ്രമം എന്ന നിലയ്ക്ക് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ എന്താണ് വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇയാൾ ഒറ്റക്കാണോ ആരെങ്കിലും പിന്നിലുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരാനുണ്ട്. ഇയാളുടെ സോഷ്യൽ മീഡിയ ഫീഡുകളിലൂടെയും വീടും പരിസരവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇതുവരെ ഭീഷണിപ്പെടുത്തുന്ന എഴുത്തുകളോ പോസ്റ്റുകളോ ഒന്നും കണ്ടെത്താനായിട്ടില്ല.
അദ്ദേഹത്തിൻ്റെ കുടുംബം അന്വേഷണത്തോട് പൂര്‍ണായും സഹകരിക്കുന്നുണ്ടെന്നും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പെൻസിൽവാനിയയിൽ റിപ്പബ്ലിക്കൻ വോട്ടറായി ക്രൂക്ക്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് രേഖകൾ കാണിക്കുന്നത്. എന്നാൽ ജോ ബൈഡൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ദിവസം, 2021 ജനുവരി 20ന് അദ്ദേഹം ഒരു പുരോഗമന രാഷ്ട്രീയ പ്രവർത്തന സമിതിക്ക് പണം സംഭാവന നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ക്ഷമയോടെയിരിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കന്‍ ജനതയോട് അഭ്യർത്ഥിച്ചു. അക്രമിയുടെ ലക്ഷ്യങ്ങളെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.