സിറിയൻ മുൻ പ്രസിഡൻ്റിൻ്റെ അനുയായികളും വിമത സേനയും ഏറ്റുമുട്ടി ; 17 പേർ കൊല്ലപ്പെട്ടു

Update: 2024-12-26 07:12 GMT

മുൻ സിറിയൻ പ്രസിഡൻ്റ് ബാഷർ അസദിൻ്റെ അനുയായികളും വിമത സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസദിന്റെ ഭരണകാലത്തെ ഉദ്യോ​ഗസ്ഥരെ പിടികൂടാനുള്ള ഓപ്പറേഷനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു.

ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്‌ടിഎസ്) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. 14 ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് അബ്ദുൾ റഹ്മാൻ സ്ഥിരീകരിച്ചു.

ബഷാർ അൽ-അസാദുമായി യോജിച്ച് പ്രവർത്തിച്ചിരുന്ന അലവൈറ്റ് സമുദായമായ ഖിർബെത് അൽ-മാസയിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടതായി സൂചനയുണ്ട്. അസദിൻ്റെ ഭരണകാലത്ത് ഏകപക്ഷീയമായ വധശിക്ഷകളും വിധികളും പുറപ്പെടുവിച്ചതിന് മുൻ സൈനിക നീതി വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് കൻജോ ഹസ്സനെ പിടികൂടാൻ സൈന്യം ശ്രമിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ്റെ സഹോദരനും സായുധ സംഘവും സൈന്യത്തെ തടയുകയും അവരുടെ പട്രോളിംഗ് വാഹനം ആക്രമിക്കുകയും ഗ്രാമത്തിലെ റെയ്ഡിനെ എതിർക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് നിരവധിപ്പേരെ തടവിലാക്കിയതായി ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. ആസൂത്രിതമായ വധശിക്ഷകൾക്കും പീഡനങ്ങൾക്കും പേരുകേട്ട സെയ്ദ്നയ ജയിലിലെ തടവുകാരെ പുതിയ ഭരണകൂടം മോചിപ്പിച്ചിരുന്നു. സെയ്ദ്‌നയയിലെ അതിക്രമങ്ങളിൽ മുഹമ്മദ് കൻജോ ഹസ്സന്റെ പങ്കാളിത്തം റിപ്പോർട്ട് ചെയ്തു. തുടർന്നാണ് ഇയാളെ പിടികൂടാൻ തീരുമാനിച്ചത്. 

Tags:    

Similar News