വീണ്ടും കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ച് ട്രംപ്; ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തു

Update: 2024-12-18 05:11 GMT

ഇന്ത്യയ്‌ക്കെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കൻ ഉല്പങ്ങൾക്ക് നികുതി ചുമത്തുന്ന ഇന്ത്യയുടെ രീതിയെ ട്രംപ് നിശിതമായി വിമർശിച്ചത്.

അധികാരമേറ്റാലുടൻ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പുറത്താക്കുമെന്നും ജന്മാവകാശ പൗരത്വം നിറുത്തലാക്കുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പതിനായിരക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ബാധിക്കുന്നതായിരുന്നു ഈ തീരുമാനങ്ങൾ. അതിനുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും കടുത്തനടപടികൾ ഉണ്ടാവുമെന്ന് സൂചന നൽകുന്നത്. ആദ്യതവണ പ്രസിഡന്റായപ്പോൾ ഇന്ത്യയും പ്രധാനമന്ത്രി മോദിയുമായും നല്ല അടുപ്പത്തിലായിരുന്നു ട്രംപ്.

'അവർ ( ഇന്ത്യ) ഞങ്ങൾക്ക് നികുതി ചുമത്തുകയാണെങ്കിൽ ഞങ്ങൾ അവർക്കും അതേരീതിയിൽ നികുതി ചുമത്തും. ഇന്ത്യ നൂറുശതമാനം നികുതി ചുമത്തുകയാണെങ്കിൽ നമ്മൾ അവർക്ക് അതേ നികുതിതന്നെ ചുമത്തും.ഇന്ത്യയ്‌ക്കൊപ്പം ബ്രസീൽ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളും കൂടുതൽ നികുതി ചുമത്തുന്നുണ്ട്. അവരോടും വിട്ടുവീഴ്ചയില്ല' -ട്രംപ് വ്യക്തമാക്കി. പരസ്പരമുള്ള താരിഫുകൾ തന്റെ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ ആണിക്കല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായുളള വ്യാപാര തർക്കങ്ങളെക്കുറിച്ചും ട്രംപ് വ്യക്തമായ സൂചനകൾ നൽകി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തിയേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തും കുടിയേറ്റവും ഇല്ലാതാക്കാനുള്ള ശക്തമായ നടപടികൾ ഇരുരാജ്യങ്ങളും സ്വീകരിക്കണമെന്നത് ട്രംപിന്റെ നേരത്തേയുള്ള ആവശ്യമാണ്. ഇല്ലെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും സൂചന നൽകിയിരുന്നു.

ട്രംപ് ഭീഷണി ആവർത്തിച്ചതോടെ അതിർത്തിസുരക്ഷ വർദ്ധിപ്പിക്കാനുളള നീക്കങ്ങൾ കാനഡ തുടങ്ങിയിട്ടുണ്ട്. ഇതിനായി 1.3 ബില്യൺ കനേഡിയൻ ഡോളർ നിക്ഷേപിച്ചു എന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് കടത്ത് തടയാനായി അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഉല്പന്നങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ട്രംപിന്റെ മനസ്‌മാറുമോ എന്ന് കാത്തിരുന്ന് കാണാം. ട്രംപിന്റെ അടുപ്പക്കാരനായ ഇലോൺ മസ്കിന്റെ കൊടിയ ശത്രുവാണ് കാനഡയിലെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായി പ്രതിഫലിക്കും എന്നാണ് കരുതുന്നത്.

Tags:    

Similar News