ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെ മടക്കയാത്ര ; 2025 ഫെബ്രുവരിയോടെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് നാസ
ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും നീളും.10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ് ഇരുവരും. എന്നാൽ സാങ്കേതിക തകരാറുകൾ കാരണം യാത്ര പലതവണയായി നീളുകയായിരുന്നു.
2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം.
രണ്ടുമാസത്തിലേറെയായി സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ജൂൺ അഞ്ചിനായിരുന്നു വില്യംസും വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.
ജൂൺ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂൺ 26 ലേക്ക് യാത്രമാറ്റിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയത്.
അതേസമയം, നാല് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കാനുള്ള സ്‌പേസ് എക്സിന്റെ ക്രൂ 9 ദൗത്യവും നീട്ടിയിട്ടുണ്ട്.