ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി

Update: 2024-07-20 02:14 GMT

സംവരണ നയത്തിനെതിരെ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന അക്രമ പരമ്പരകളില്‍ ഇതുവരെ 64 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തു. 


മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയില്‍ കഴിഞ്ഞദിവസം അക്രമികള്‍ തകർത്തതോടെ നൂറോളം തടവുപുള്ളികള്‍ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളില്‍ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു.


രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ച്‌ എത്തിച്ചു തുടങ്ങി. അതിർത്തി പോസ്റ്റുകള്‍ വഴിയാണ് മടക്കി എത്തിക്കുന്നത്. 245 ഇന്ത്യക്കാർ കഴിഞ്ഞ ദിവസം മേഘാലയ അതിര്‍ത്തി വഴി മടങ്ങി എത്തിയിരുന്നു. 


നേപ്പാളില്‍ നിന്നുള്ളവരും ഈ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നു. മടങ്ങി വന്നവരില്‍ 125 പേർ വിദ്യാർത്ഥികളാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 1971 ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ജോലികളില്‍ 30% സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

Tags:    

Similar News