ഇൻഷൂറൻസ് തുക തട്ടാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി ; ഭർത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി

Update: 2024-12-03 11:01 GMT

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ഭാര്യയെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള ലൈഫ് ഇൻഷുറൻസ് നഷ്ടപരിഹാരം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യം നടത്തിയത്. കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബർ 21 -ന് ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച് ലീ എന്ന 47 -കാരനാണ് ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. 2021 -ൽ നടന്ന കുറ്റകൃത്യത്തിന്‍റെയും കോടതി വിധിയുടെയും വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. കഴിഞ്ഞ ഡിസംബറിൽ ലിയോണിംഗ് ഹയർ പീപ്പിൾസ് കോടതി മനഃപൂർവമായ നരഹത്യയ്ക്ക് ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും. ശിക്ഷ നടപ്പാക്കിയോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

2021 മെയ് 5 ന്, വടക്ക് - കിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനിൽ നിന്ന് കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ യാന്‍റായിയിലേക്ക് ഒരു ഫെറിയില്‍ യാത്ര ചെയ്യവേയാണ് ഇയാള്‍ ഭാര്യയെ കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 45 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണവാർത്ത കേട്ടപ്പോൾ, ലീ തളർന്നു വീഴുകയും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടന്നത് കൊലപാതകം തന്നെയെന്ന് വ്യക്തമായത്. കൂടാതെ പരിശോധനയിൽ യുവതിയുടെ മുഖത്ത് ചതഞ്ഞ പാടുകളും മറ്റും കണ്ടെത്തി.

Tags:    

Similar News