'മിൽട്ടൺ' കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു ; ഫ്ലോറിഡയിൽ നിന്ന് 60 ലക്ഷം പേരെ ഒഴിപ്പിക്കും

Update: 2024-10-07 13:22 GMT

ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപം കൊണ്ട ‘മിൽട്ടണെ’ന്ന കൊടുങ്കാറ്റ് കാറ്റഗറി മൂന്നിൽ എത്തിയതോടെ അതീവ ജാഗ്രതയിലാണ് അമേരിക്കയിലെ ഫ്ലോറിഡ. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടാന്പയിലേക്ക് നീങ്ങുന്നെന്നും ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് നാഷണൽ ഹരിക്കെയ്ൻ സെന്റർ നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

500 ഡ്യൂട്ടി ട്രൂപ്പുകളെ മേഖലയിൽ വിന്യസിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയിട്ടുണ്ട്. 137 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവും ബൈഡൻ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ 2017ന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തപ്രതികരണത്തിന് തയ്യാറെടുക്കുകയാണ് ഫ്ലോറിഡ. 2017ൽ വീശിയടിച്ച ഹരിക്കെയ്ൻ ‘ഇർമ’യ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിലേക്കാണ് ഭരണകൂടം കടക്കുന്നത്. കാറ്റ് താമസിയാതെ കാറ്റഗറി 1ൽ എത്തുമെന്നാണ് പ്രവചനം.

അതേസമയം നേരത്തെ എത്തിയ ഹെലൻ കൊടുങ്കാറ്റിനേക്കാൾ കരുത്തനാണ് മിൽട്ടനെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു. സെപ്റ്റംബർ 6ലെ ‘ഹെലൻ’ കൊടുങ്കാറ്റിന്റെ സമയത്ത് പലരും മുന്നറിയിപ്പുകൾ അവഗണിച്ചത് തിരിച്ചടിയായെന്നും ഇത്തവണ ജാഗ്രത വേണമെന്നുമാണ് ഡിസാന്റിസ് അറിയിച്ചിരിക്കുന്നത്. നോർത്ത് കരോലിനയിലും ഫ്ലോറിഡയിലുമായി ‘ഹെലൻ’ വീശിയടിച്ചപ്പോൾ 200 പേരിലേറെ കൊല്ലപ്പെട്ടിരുന്നു. 2005 ൽ ‘കത്രീന’ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ 1,400 പേർ മരിച്ച ദുരന്തത്തിന് ശേഷമുണ്ടായ ഏറ്റവും വ്യാപ്തിയേറിയ അപകടമായിരുന്നു ഹെലൻ ഉണ്ടാക്കിയത്.

Tags:    

Similar News