മെക്സിക്കോയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്ന് അപകടം ; ഒരു കുട്ടി ഉൾപ്പെടെ 9 പേർ മരിച്ചു, 54 പേർക്ക് പരിക്ക്

Update: 2024-05-23 11:49 GMT

മെക്സിക്കോയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്ന് ഒരു കുട്ടിയുള്‍പ്പെടെ 9 പേര്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോർജ്ജ് അൽവാരസ് മെയ്നെസിന്‍റെ റാലിക്കിടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റ് വീശിയതാണ് അപകടത്തിന് കാരണമായത്.

വടക്കുകിഴക്കൻ നഗരമായ സാൻ പെഡ്രോ ഗാർസ ഗാർസിയയിലാണ് സംഭവം. തനിക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് ജോർജ് അൽവാരസ് പറഞ്ഞു. 54 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും തകർന്ന സ്റ്റേജിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും മെക്സിക്കോയിലെ ന്യൂവോ ലിയോൺ സംസ്ഥാന ഗവർണർ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില തൃപ്തികരമാണെന്നും മറ്റുള്ളവരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ വീഡിയോ സ്‌ക്രീൻ ഉൾപ്പെടുന്ന ഒരുഭാഗം വേദിയിലേക്കും ആളുകളുടെ ഭാഗത്തേക്ക് വീഴുന്നതും അല്‍വാരസും സംഘവും ജീവരക്ഷാര്‍ഥം ഓടുന്നതും വീഡിയോയില്‍ കാണാം.

ശക്തമായ കാറ്റുണ്ടാകുമെന്ന് മെക്‌സിക്കോയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 70 കിലോമീറ്റർ (മണിക്കൂറിൽ 43 മൈൽ) വരെ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തെ തുടര്‍ന്ന് എല്ലാ പ്രചാരണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും എന്നാൽ സ്ഥിതിഗതികള്‍ നിരീക്ഷിക്കാൻ സംസ്ഥാനത്ത് തുടരുമെന്നും അൽവാരസ് മെയ്നെസ് പിന്നീട് വ്യക്തമാക്കി. കൂടുതൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരാൻ ഗവർണർ ഗാർസിയ അഭ്യർഥിച്ചു.

മെക്‌സിക്കോ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ജൂണ്‍ 2നാണ് തെരഞ്ഞെടുപ്പ്. അതിനിടെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും മെക്സിക്കോയില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ, കുറഞ്ഞത് 28 സ്ഥാനാർഥികൾ ആക്രമിക്കപ്പെട്ടു, 16 പേർ കൊല്ലപ്പെട്ടു.

Tags:    

Similar News