പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; ബില്‍ പാസാക്കി

Update: 2024-01-09 11:17 GMT

പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്.

നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും 30 മില്ല്യണ്‍ വോണ്‍ അഥവാ 22800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂന്‍ സുക് യോലും ഭാര്യയും ആറ് നായകളെയും എട്ട് പൂച്ചകളെയും അടുത്തിടെ ദത്തെടുത്തിരുന്നു. പട്ടിമാസ ഉപയോഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ആളായിരുന്നു അദ്ദേഹം. ഇതടക്കം പട്ടിമാംസ നിരോധത്തിന് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്. ഇതും പലരെയും മാംസം കഴിക്കുന്നതില്‍നിന്ന് പിന്നോട്ടടിപ്പിച്ചു.

സോള്‍ ആസ്ഥാനമായി മൃഗക്ഷേമ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ സര്‍വ്വേയില്‍ പ്രതികരിച്ച 94 ശതമാനംപേരും കഴിഞ്ഞവര്‍ഷം പട്ടിമാംസം ഉപയോഗിച്ചില്ലെന്ന് വ്യക്തമാക്കി. ഭാവിയില്‍ പട്ടിമാസം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 93 ശതമാനംപേരും പറഞ്ഞു.

പട്ടിമാംസം നിരോധിക്കാന്‍ തെക്കന്‍ കൊറിയല്‍ പലതവണ ശ്രമം നടത്തിയെങ്കിലും വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ ബില്ലില്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1100 ഫാമുകളിലായി 570000 നായകളെയാണ് കൊറിയയില്‍ വളര്‍ത്തുന്നത്. 1600 റസ്റ്റോറന്റുകളാണ് മാംസം ഉപയോഗിക്കുന്നത്.

Tags:    

Similar News