ലോകത്തിൽ ആദ്യമായി പെരുമ്പാമ്പിലെ വിര മനുഷ്യന്റെ തലച്ചോറിലും ജീവനോടെ കണ്ടെത്തി
പാമ്പുകളിൽ കാണപ്പെട്ടിരുന്ന വിരയെ മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ജീവനോടെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലാണ് സംഭവം. അടുത്തിടെ ഒരു ശാസ്ത്ര ജേണലിലൂടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങളുള്ളത്.
ശാരീരിക അസ്വസ്ഥതകൾ നേരിട്ട 64കാരിയുടെ തലച്ചോറിലാണ് അപൂർവ വിരയെ കണ്ടെത്തിയത്. 8 സെന്റിമീറ്റർ നീളവും ഒരു മില്ലീമീറ്റർ വീതിയും ചുവപ്പ് നിറവുമുള്ള ഈ വിരയെ ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ മനുഷ്യന്റെ മസ്തിഷ്കത്തിൽ കണ്ടെത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
2021 ജനുവരി അവസാനമാണ് സ്ത്രീ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടിയത്. വയറിളക്കവും വയറുവേദനയുമായിരുന്നു പ്രാഥമിക ലക്ഷണങ്ങൾ. ഇവ ചികിത്സയിലൂടെ ഭേദമായതോടെ സ്ത്രീ ആശുപത്രിവിട്ടു. എന്നാൽ, 2022ൽ ഇവർക്ക് വീണ്ടും അസ്വസ്ഥതകൾ നേരിട്ടു. ചുമ, അമിതവിയർപ്പ്, ഓർമക്കുറവ് എന്നിവ സ്ത്രീയെ ബാധിച്ചിരുന്നു.
ഇവരുടെ മാനസികാരോഗ്യത്തെയും ഇവ കാര്യമായി ബാധിച്ചിരുന്നു. സ്ത്രീയിൽ വിഷാദവും കണ്ടെത്തി. തുടർന്ന് കാൻബെറയിലെ ഒരു ആശുപത്രിയിൽ എംആർഐ സ്‌കാൻ അടക്കമുള്ള വിദഗ്ദ്ധ പരിശോധനകൾ നടത്തി. ഇതിനിടെ സ്ത്രീയുടെ തലച്ചോറിൽ അസ്വഭാവികതകൾ കണ്ടെത്തി. തുടർന്ന് ജൂൺ മാസത്തിൽ ശസ്ത്രക്രിയയ്ക്കായി ന്യൂറോ സർജൻമാരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ തലച്ചോറിന്റെ വലതുവശത്ത് മുൻഭാഗത്ത് നിന്ന് ജീവനുള്ള റൗണ്ട് വേം ഇനത്തിലെ വിരയെ കണ്ടെത്തുകയായിരുന്നു.
ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന കാർപെറ്റ് പൈത്തൺ എന്ന പെരുമ്പാമ്പിൽ കാണപ്പെടുന്ന ' ഒഫിഡാസ്‌കാരിസ് റോബർട്സൈ ' എന്ന പരാദ വിരയാണിതെന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ കണ്ടെത്തി. അതേ സമയം, വിരയെങ്ങനെ സ്ത്രീയുടെ ശരീരത്തിൽ കടന്നുകൂടിയെന്ന് വ്യക്തമല്ല.
കാർപെറ്റ് പൈത്തണുകൾ ധാരാളമുള്ള ഒരു തടാകക്കരയിലാണ് ഈ സ്ത്രീ താമസിക്കുന്നത്. ഭക്ഷ്യയോഗ്യമായ ഇലകളിൽ നിന്ന് വിരയുടെ ലാർവ സ്ത്രീയുടെ ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് പൊതുവെ കരുതുന്നത്. ഏതായാലും ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ആരോഗ്യം വീണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.