വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
റമദാൻ നോമ്പ് മാസത്തിൽ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേർ മാർക്കറ്റിലെത്തിയ സമയത്താണ് സ്ഫോടനം നടന്നത്. കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കെട്ടിടങ്ങൾ തകർന്നതിന്റെയും നിരവധി ആളുകൾ പരിക്കേറ്റ് കിടക്കുന്നതിന്റേതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇനിയും ഏറ്റെടുത്തില്ല. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസാസ്.
സിറിയയുടെ നിയമപരമായ അധികാരമുള്ളവരെന്ന് അവകാശപ്പെടുന്ന സിറിയയുടെ ഇടക്കാല സർക്കാർ പ്രതിപക്ഷ ഗ്രൂപ്പാണ്. തുർക്കി അതിർത്തിയിലുള്ള അസാസ് ചരക്ക് വിതരണം അടക്കമുള്ള വിഷയങ്ങളിൽ നിർണായക സ്ഥാനമുള്ള ഇടം കൂടിയാണ്. സിറിയയുടെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ആളുകളെ ലക്ഷ്യമിട്ടുള്ള ബോംബ് ആക്രമണങ്ങൾ പതിവാണ്. 2017ൽ നഗരത്തിലെ കോടതി പരിസരത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 40ൽ അധികം പേരാണ് കൊല്ലപ്പെട്ടത്.