കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 1990 മുതൽ 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കില്ലറാണ് സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 74കാരനായ റോബർട്ട് വില്ലി പിക്ടൺ എന്ന സീരിയൽ കില്ലറാണ് ക്യുബെകിലെ പോർട്ട് കാർട്ടിയർ ജയിലിലുണ്ടായ സംഘർഷത്തിന് പിന്നാലെ ബുധനാഴ്ച കൊല്ലപ്പെട്ടത്.
മെയ് 19നാണ് 74കാരൻ ആക്രമിക്കപ്പെട്ടത്. ഇയാളെ ജയിലിൽ നിന്ന് പുറത്തെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. സംഭവത്തിൽ ഇയാളുടെ സഹതടവുകാരനായിരുന്ന 51കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. 2007ലാണ് റോബർട്ടിന് ജീവപര്യന്തം തടവിന് വിധിച്ചത്. 25 വർഷത്തിന് ശേഷം മാത്രമായിരുന്നു ഇയാൾക്ക് പരോളിന് അനുവാദമുണ്ടായിരുന്നത്.
വാൻകൂവറിലും പരിസരത്തുമായി നിരവധി സ്ത്രീകളെ കാണാനില്ലെന്ന അന്വേഷണം ഒടുവിൽ ചെന്ന് അവസാനിച്ചത് ഇയാളുടെ പന്നി ഫാമിലായിരുന്നു. ഇവിടെ നിന്ന് 33 സ്ത്രീകളുടെ ഡിഎൻഎ സാംപിളുകളാണ് പൊലീസ് കണ്ടെത്തിയത്. ലൈംഗിക തൊഴിലാളികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമടക്കമുള്ള നിരവധി സ്ത്രീകളെ കാണാതായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചതെന്ന് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.
വേഷം മാറി അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് താൻ 49 സ്ത്രീകളെ കൊന്ന് തള്ളിയതായും ഇയാൾ വീമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരിലെ ആറ് പേരെ പൊലീസിന് തിരിച്ചറിയാനായിരുന്നു. പല രീതിയിൽ പന്നി ഫാമിലെത്തിച്ച സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പന്നികൾക്ക് നൽകുന്നതായിരുന്നു ഇയാളുടെ രീതി. ഇതിന് പിന്നാലെ ഇയാളുടെ ഫാമിൽ നിന്ന് പന്നികളെയും ഇറച്ചിയും വാങ്ങിയവർക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പുകൾ നൽകിയിരുന്നു.