റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 65 മരണം

Update: 2024-01-24 10:26 GMT

റഷ്യൻ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 65 പേരും കൊല്ലപ്പെട്ടതായി റഷ്യൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യുക്രെയ്നെതിരായ യുദ്ധത്തിനിടെ റഷ്യൻ സൈന്യം പിടികൂടിയ യുക്രെയ്ൻ സായുധ സേനാംഗങ്ങൾ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 65 പേരിൽ ആറു പേർ വിമാന ജീവനക്കാരും മൂന്നു പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ശേഷിക്കുന്ന 56 പേരും യുദ്ധത്തടവുകാരായ പിടിക്കപ്പെട്ട യുക്രെയ്ൻ‌ സൈനികരാണെന്നാണ് വിവരം.വിമാനം അപകടത്തിൽപ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല. സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്കു പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിനു സമീപം ഒരു വിമാനം വലിയ സ്ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റഷ്യൻ ഇല്യൂഷിൻ –76 സൈനിക വിമാനമാണ് തകർന്നുവീണത്. സൈനികർ, കാർഗോ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനായി രൂപകൽപന ചെയ്തവയാണ് ഈ വിമാനങ്ങൾ. അഞ്ചു ജീവനക്കാരുള്ള ഇത്തരം വിമാനങ്ങളിൽ പരമാവധി 90 പേരെ വരെ കൊണ്ടുപോകാനാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Tags:    

Similar News