സൈനിക സഹകരണം വർദ്ധിപ്പിക്കാൻ റഷ്യയും ഉത്തരകൊറിയയും; കിം ജോങ് ഉന്നുമായി ചർച്ച നടത്തി റഷ്യൻ പ്രതിരോധമന്ത്രി

Update: 2023-09-17 11:44 GMT

റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗു ചര്‍ച്ച നടത്തി. 'പുതിയ പ്രതാപകാലം' എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. സൈനിക സഹകരണം വർധിപ്പിക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായും ഇരുവരുടേയും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കിം ജോങ് ഉന്‍ റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍സന്ദര്‍ശിച്ചു. അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. റഷ്യയിലെ കിഴക്കന്‍ നഗരമായ ആര്‍ച്ചോമിലേക്ക് ട്രെയിനിലാണ് കിം എത്തിയത്. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗെയ് ഷൈഗുവും മുതിര്‍ന്ന സൈനിക ജനറല്‍മാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

അപൂർവ്വമായി മാത്രമേ കിം സ്വന്തം രാജ്യത്ത് നിന്ന് പുറത്തുപോകാറുള്ളൂ. കിമ്മിന്‍റെ റഷ്യന്‍ സന്ദര്‍ശനത്തെ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വിശേഷിപ്പിച്ചതിങ്ങനെ- "ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിൽ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും പുത്തൻ പ്രതാപകാലം തുറക്കുകയാണ്."

അതേസമയം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനെ അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. നിയമവിരുദ്ധവും അന്യായവും എന്നാണ് റഷ്യ - ഉത്തര കൊറിയ സൈനിക പങ്കാളിത്തത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ വിശേഷിപ്പിച്ചത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ നിന്ന് ട്രെയിനിലാണ് കിം ജോങ് ഉന്‍ റഷ്യയിലെത്തിയത്. ട്രെയിനിൽ 1180 കിമീ സഞ്ചരിച്ച് കിം തുറമുഖ നഗരമായ വ്ലാഡിവോസ്ടോക്കിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ക്ഷണപ്രകാരമായിരുന്നു റഷ്യയിലെ ഔദ്യോഗിക സന്ദർശനം.

കിമ്മും പുടിനും കൂടിക്കാഴ്ചക്കിടെ പരസ്പരം തോക്കുകള്‍ സമ്മാനിച്ചു. ഇരുവരും സമ്മാനങ്ങൾ കൈമാറിയോ എന്ന ചോദ്യത്തിന് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് ഇക്കാര്യം പറഞ്ഞത്. പുടിൻ കിമ്മിന് ഉയർന്ന നിലവാരമുള്ള റഷ്യൻ നിർമിത റൈഫിള്‍ നല്‍കി. തിരിച്ച് കിം ഉത്തര കൊറിയയില്‍ നിര്‍മിച്ച റൈഫിള്‍ നല്‍കിയെന്നും ക്രെംലിന്‍ വക്താവ് പറഞ്ഞു.

2019ലാണ് കിം ഇതിനു മുന്‍പ് റഷ്യ സന്ദർശിച്ചത്. സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി ഉത്തര കൊറിയയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതാണ് അമേരിക്കയിലെ ആശങ്കയിലാക്കിയത്.

Tags:    

Similar News