സൂര്യനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് റിപ്പോർട്ടുകൾ ; ഭൂമിയെ ബാധിച്ചേക്കും , മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

Update: 2025-01-04 08:49 GMT

പുതുവര്‍ഷം ആരംഭിച്ചത് സൂര്യനില്‍ അതിശക്തമായ സൗരജ്വാലയോടെ. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് 2025 ജനുവരി മൂന്നിനുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ റേഡിയോ സിഗ്നലുകളില്‍ തടസം നേരിട്ടേക്കാമെന്നാണ് പ്രവചനം. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി.

അതിശക്തമായ എക്സ്1.2 സൗരജ്വാലയാണ് ജനുവരി മൂന്നിന് ഈസ്റ്റേണ്‍ സമയം രാവിലെ 6.40ന് രേഖപ്പെടുത്തിയത് എന്നാണ് നാസ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എആര്‍ 3947 എന്ന സണ്‍സ്‌പോട്ട് റീജിയനിലായിരുന്നു സൗര പൊട്ടിത്തെറി. ഇതിനെത്തുടര്‍ന്ന് ദക്ഷിണ അറ്റ്‌ലാന്‍റിക്കിലും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും ഭാഗങ്ങളില്‍ റേഡിയോ സിഗ്നലുകള്‍ ബ്ലാക്ക്ഔട്ട് ആയേക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഹൈ-ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകളിലാണ് പ്രശ്നം നേരിടുക. ചിലയിടങ്ങളില്‍ ഭാഗികമായി റേഡിയോ സംപ്രേഷണം മുടങ്ങുമ്പോള്‍ ചില പ്രദേശങ്ങളില്‍ പൂര്‍ണമായും സിഗ്നല്‍ ലഭ്യമല്ലാതായേക്കും. കരുത്തുറ്റ ആര്‍3 വിഭാഗത്തില്‍പ്പെടുന്ന റേഡിയോ ബ്ലാക്ക്ഔട്ടാകുമിത്. ഏറ്റവും പുതിയ സൗരജ്വാല ധ്രുവദീപ്‌തിക്കും ചിലപ്പോള്‍ വഴിവെച്ചേക്കാം.

സൗരജ്വാലകളെ അവയുടെ ശക്തിയുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും ശക്തമായ കാറ്റഗറിയില്‍പ്പെടുന്ന സൗരജ്വാലയാണ് എക്‌സ്. എം, സി, ബി എന്നിങ്ങനെയാണ് പിന്നീടുള്ള സൗരജ്വാല കാറ്റഗറികള്‍. ജ്വാലയുടെ കരുത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സ്, എം, സി, ബി എന്നീ അക്ഷരങ്ങള്‍ക്കൊപ്പം 1.2 പോലുള്ള സംഖ്യകളും ചേര്‍ക്കും. സൗരജ്വാലകളെ തുടര്‍ന്നുണ്ടാകുന്ന കൊറോണൽ മാസ് ഇജക്ഷനുകൾ ഭൂമിയില്‍ റേഡിയോ പ്രക്ഷേപണത്തില്‍ തടസത്തിനും ജിപിഎസിലും പവര്‍ഗ്രിഡുകളിലും സാറ്റ്‌ലൈറ്റുകളിലും തകരാറുകള്‍ക്കും കാരണമാകാറുണ്ട്. 

Tags:    

Similar News