ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക് ; 26 റഫേൽ ജെറ്റുകളും 3 സ്കോർപീൻ അന്തർവാഹിനികളും വാങ്ങും

Update: 2025-01-06 07:17 GMT

ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക്. 26 റഫേൽ ജെറ്റുകൾക്കും 3 സ്കോർപീൻ അന്തർവാഹിനികൾക്കുമാണ് കരാർ. 10 ബില്യൺ ഡോളറിന്‍റെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ അടുത്ത മാസത്തെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം.

22 സിംഗിൾ സീറ്റർ എം ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ട്രെയിനറുകളും ഉൾപ്പെടുന്നതാണ് റഫേൽ കരാർ. കരാറിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി നേരത്തെ വ്യക്തിമാക്കിയിരുന്നു. നേരത്തെ കരാറിലേർപ്പെട്ട ആറ് അന്തർവാഹിനികളിൽ അഞ്ചെണ്ണം ഇതിനകം കൈമാറിയിട്ടുണ്ട്. അവസാനത്തേതായ വാഗ്ഷീർ ജനുവരി 15 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്യും. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്, ഫ്രാൻസിന്‍റെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവ നിർമ്മിച്ചത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആക്ഷൻ ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദർശിക്കുന്നത്. ഫെബ്രുവരി 10, 11 തിയ്യതികളിലാണ് ഉച്ചകോടി. 

Tags:    

Similar News