'വര്‍ക്ക് ഫ്രം ഹോം' ടെക്‌നോളജി വ്യവസായത്തിന്റെ വലിയ തെറ്റ്; ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍
സാങ്കേതിക വിദ്യാ രംഗത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നാണ് സ്ഥിരമായ 'റിമോട്ട് വര്‍ക്ക്' എന്ന് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ മേധാവി സാം ആള്‍ട്ട്മാന്‍. സ്‌ട്രൈപ്പ് എന്ന ഫിന്‍ടെക്ക് സ്ഥാപനം സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്‍ട്ട്മാന്‍.
റിമോട്ട് വര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് യോജിച്ചതല്ലെന്നും സ്ഥിരമായ റിമോട്ട് വര്‍ക്ക് സാധ്യമാക്കാന്‍ മതിയായ ഒരു സാങ്കേതിക വിദ്യയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം ജോലികളില്‍ ക്രിയാത്മകത നഷ്ടപ്പെടുന്നതിനെ കുറിച്ചും ജീവനക്കാരുടെ കൂട്ടായ്മ നിര്‍മിച്ചെടുക്കുന്നതിലുള്ള പ്രശ്‌നങ്ങളെ കുറിച്ചും ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ക്ക് കാലതാമസം വരുന്നതിനെ കുറിച്ചുമെല്ലാമുള്ള ആശങ്ക മുമ്പ് തന്നെ വിവിധ സാങ്കേതിക വിദ്യാ കമ്പനികളും മേധാവികളും പ്രകടിപ്പിച്ചിരുന്നു.
വീട്ടിലും തങ്ങളുടെ സ്വകാര്യ സ്ഥലങ്ങളിലും ഇരുന്ന് ജോലി ചെയ്യാന്‍ അവസരം ലഭിച്ച ജീവനക്കാര്‍ മറ്റ് കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന (മൂണ്‍ലൈറ്റിങ്) പ്രശ്‌നങ്ങളും കമ്പനികള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നിരുന്നു.
ഒരു ഓഫീസില്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുമ്പോള്‍ പുതിയ ഉല്പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്നത് എളുപ്പമാണ്.എന്നാല്‍ വീട്ടിലിരുന്നുള്ള ജോലികള്‍ ആശയക്കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ. അടുത്തിടെ മെറ്റ തങ്ങളുടെ ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് കാലത്താണ് ഐടി കമ്പനികള്‍ വ്യാപകമായി വര്‍ക്ക് അറ്റ് ഹോമിലേക്ക് മാറിയത്. ഓണ്‍ലൈന്‍ ആയുള്ള ജോലി പ്രതിസന്ധികാലത്ത് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ സഹായിക്കുകയും ചെയ്തു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലുള്ള നിയമനങ്ങളും പല കമ്പനികളും ആരംഭിച്ചിരുന്നു.
ജീവനക്കാരെ ഓഫീസിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ അടുത്തിടെ പറഞ്ഞത്. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവര്‍ക്ക് മാനേജര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് പ്രയാസമായിരിക്കും.