ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിൽ ; ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

Update: 2024-06-14 03:22 GMT

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ആയേക്കും. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്.

ഇന്നലെയാണ് മോദി ഇറ്റലിയിലേക്ക് തിരിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഒരു സെഷനും ഉച്ചകോടിയിൽ ഉണ്ടാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രി മോദിയെ അനുഗമിക്കും. പ്രധാനമന്ത്രി മോദി തുടർച്ചയായി അഞ്ചാം തവണയാണ് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മുമ്പ് പത്ത് ജി7 ഉച്ചകോടികളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. ഇത് പതിനൊന്നാമത്തേതാണ്.

Tags:    

Similar News