ജനസംഖ്യയിലെ ഒന്നാം സ്ഥാനം നഷ്ടമായതിനെ നിസ്സാരവൽക്കരിച്ച് ചൈനയുടെ പ്രതികരണം. വികസനമുന്നേറ്റത്തിനു വേണ്ട കഴിവും വൈദഗ്ധ്യവുമുള്ള 90 കോടിയോളം ആളുകൾ ചൈനയിൽ ഉള്ളപ്പോൾ, ജനസംഖ്യയിൽ രണ്ടാമതാകുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
ജനങ്ങളുടെ എണ്ണത്തിനു മാത്രമല്ല, അവർ എത്രമാത്രം തൊഴിൽ നൈപുണ്യമുള്ളവരാണ് എന്ന ഘടകത്തിനും തുല്യപ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ചൂണ്ടിക്കാട്ടി. യുഎസ് കഴിഞ്ഞാൽ, ലോകത്ത് രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാണ് ചൈന.
142.57 കോടിയാണു ചൈനയിലെ ജനസംഖ്യ. ഇവരിൽ തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ളവർ 90 കോടി. ഇവർ ശരാശരി 10.5 വർഷം വിദ്യാഭ്യാസം നേടിയവരാണ് – വാങ് പറഞ്ഞു.
ഇന്ത്യയുടെ 142.86 കോടി ജനങ്ങളിൽ 25% 14 വയസ്സുവരെ പ്രായമുള്ളവരാണ്. 10–19 പ്രായക്കാർ 18%. 10–24 വയസ്സുകാർ 26%. 15–64 വയസ്സ് 68%. 65നു മുകളിൽ 7%.