ഫ്രാൻസിൽ തൊഴിലാളി യൂണിയനുകളുടെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം അവഗണിച്ച് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 64 വയസ്സാക്കുന്ന വിവാദ ബില്ലിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒപ്പുവച്ചു. പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കാനുള്ള ബില്ലിനു ഭരണഘടനാ കൗൺസിൽ വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. സെപ്റ്റംബർ ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ബില്ലിനെതിരെ രാജ്യത്തുടനീളം മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണു പ്രമുഖ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിൽ അണിനിരക്കാൻ യൂണിയനുകൾ ജനങ്ങളോട് ആഹ്വാനം ചെയ്തു. 20നു പ്രതിഷേധസമരം നടത്തുമെന്നു റെയിൽവേ തൊഴിലാളികൾ പ്രഖ്യാപിച്ചു.
സാമ്പത്തിക ബാധ്യത കുറയ്ക്കാനാണു പുതിയ പെൻഷൻ നയം നടപ്പാക്കുന്നതെന്നു സർക്കാർ പറയുന്നു. എന്നാൽ, സമ്പന്നർക്ക് അധികനികുതി ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളാണു വേണ്ടതെന്നും പെൻഷൻ പ്രായം കൂട്ടരുതെന്നുമാണ് യൂണിയനുകളുടെ നിലപാട്.
മക്രോയുടെ ജനപ്രീതി നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. ഇന്നു വൈകിട്ട് അദ്ദേഹം ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അറിയുന്നു.