മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്താൻ വീണ്ടും പെഗാസസ്; കേന്ദ്ര സർക്കാരിനെതിരെ ആംനസ്റ്റി റിപ്പോർട്ട്

Update: 2023-12-28 13:30 GMT

പെഗാസസ് സ്പൈ സോഫ്റ്റ്‌വെയര്‍ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റർനാഷണലും വാഷിംഗ്ടൺ പോസ്റ്റും. ഇസ്രായില്‍ നിര്‍മിത സ്‌പൈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദി വയറിലെ മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിന്റെ ആനന്ദ് മംഗ്‌നാലെ എന്നിവരുടെ ഐഫോണുകൾ സ്പൈവെയർ ലക്ഷ്യമിട്ടതായി ആംനസ്റ്റി പറഞ്ഞു. ഒക്ടോബറിൽ പെഗാസസ് ഇരകൾക്ക് നൽകിയ മുന്നറിയിപ്പ് തിരുത്താൻ ആപ്പിളിന് മേൽ സർക്കാർ വൃത്തങ്ങൾ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു.

സൈബര്‍ ആക്രമണമുണ്ടെന്ന ആപ്പിള്‍ ഐഫോണിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ രാഷ്ട്രീയക്കാരുടെ ഫോണ്‍ ടാപ്പിംഗ് ആണ് നടക്കുന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ പെഗാസസ് സ്‌പൈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവെന്ന സമാനമായ ആരോപണങ്ങള്‍ 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

ഫോണിലൂടെ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും പരിശോധിക്കാനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ക്യാമറ ഉപയോഗിച്ച് ഉടമയെ ചിത്രീകരിക്കാനുമൊക്കെ കഴിയുന്നതാണ് ഇസ്രയേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് വില്‍ക്കുന്ന പെഗാസസ് സോഫ്റ്റ്‌വെയര്‍.

Tags:    

Similar News