ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്‌സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്.
കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യൻ ഡോളർ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
സാമ്പത്തിക മാന്ദ്യത്തിൽ പാക്കിസ്ഥാൻ നട്ടംതിരിയുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് ചിലയിടങ്ങളിൽ. പലയിടത്തും ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കുവേണ്ടി ജനം തമ്മിലടിക്കുന്നതിന്റെയുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.