ഒരു കിലോ അരിക്ക് 335 രൂപ, ഇറച്ചിക്ക് 1800 രൂപ; വിലക്കയറ്റത്തിൽ പൊള്ളി പാക് ജനത

Update: 2023-04-21 10:48 GMT

കടുത്ത വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതൽ 1800 രൂപയുമാണ് വില. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ സമാപനമായ ചെറിയ പെരുന്നാൾ  വിലക്കയറ്റത്തെ തുടർന്ന്  ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് സാധാരണ ജനം. മൈദ, എണ്ണ, ഗ്യാസ് തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കൾക്കെല്ലം റോക്കറ്റ് പോലെ വില ഉയർന്നു.

ഒരു കിലോ ഉള്ളിക്ക് 180 പാകിസ്ഥാൻ രൂപയാണ് വില. 47 ശതമാനമാണ് പാകിസ്ഥാനിലെ വിലക്കയറ്റം. പെരുന്നാൾ അടുത്തപ്പോൾ പല സാധനങ്ങൾക്കും പിന്നെയും വില കൂടി. വിലക്കയറ്റം കാരണം പെരുന്നാൾ വിപണി നിർജീവമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈദ് ഷോപ്പിങ്ങിന് ആളുകൾ മാർക്കറ്റിലേക്ക് വരുന്നില്ല. സർക്കാർ അടുത്തിടെ ഇന്ധന വില കൂട്ടിയതും തിരിച്ചടിയായി. റംസാൻ കാലത്ത് കുറഞ്ഞ വരുമാനമുള്ളവർക്ക്  പ്രവിശ്യാ ഗവൺമെന്റുകൾ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

ഖൈബർ-പഖ്തൂൺഖ്വയുടെ ഭാഗങ്ങളിൽ വിതരണം തിക്കിലും തിരക്കിലുമാണ് കലാശിച്ചത്. ചർസദ്ദയിൽ ഒരാൾ കൊല്ലപ്പെട്ട. സ്വാബിയിലും കൊഹാട്ടിലും നിരവധി പേർക്ക് പരിക്കേറ്റു. ബന്നുവിൽ ഒരാൾ മരിച്ചു. തെക്കൻ പഞ്ചാബിലെ ഹസിൽപൂർ തെഹ്‌സിലിൽ സൗജന്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു.

ഈ സാമ്പത്തിക വർഷം സാമ്പത്തിക പ്രതിസന്ധി ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ലോകബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നു. പൊതുകടം ഒഴിവാക്കാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.അടുത്ത സാമ്പത്തിക വർഷത്തിൽ പാകിസ്താന്റെ വളർച്ച രണ്ട് ശതമാനം മാത്രമായിരിക്കും.  ഈ സാമ്പത്തിക വർഷത്തിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 29.5 ശതമാനമാണ്, പാക്കിസ്ഥാന്റെ സാമ്പത്തിക ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.  അടുത്ത വർഷം പണപ്പെരുപ്പം  18.5 ശതമാനമായാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Tags:    

Similar News