വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആയിരത്തിലേറെ മരണം; വീഴ്ചവരുത്തിയ 30 ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ
നോർത്ത് കൊറിയയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആയിരത്തിലധികം ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ജനങ്ങളുടെ മരണം തടയുന്നതിൽ ഇവർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ഓഗസ്റ്റ് അവസാനം ഇവരെ വധിച്ചതായും ചില ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2019 മുതൽ ചാഗാംഗ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്-ഹൂണും ഉൾപ്പെടുന്നുവെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജൂലൈയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 4,000-ത്തിലധികം വീടുകളെ ബാധിച്ചിരുന്നു. തുടർന്ന് 15,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. അന്ന് കിം ജോങ് ഉൻ തന്നെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രളയത്തിൽ പൂർണമായും മുങ്ങിയ സമീപപ്രദേശങ്ങൾ പുനർനിർമിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.