സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ നൊബേൽ പുരസ്ക്കാരം മൂന്ന് പേർക്ക്. ബെൻ എസ്. ബെർണാൻകെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് ഇത്തവണത്തെ നൊബേൽ പുരസ്ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്കാരം.
ലോകമാന്ദ്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, ബാങ്കുകളിലെ ധനപ്രതിസന്ധിയും പരിഹാരങ്ങളും അടങ്ങുന്നതാണ് ഗവേഷണപഠനം.ഫെഡറൽ റിസർവ് ബാങ്കിന്റെ മുൻ അധ്യക്ഷനാണ് ബെൻ ബെർണാകെ. ഷിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്. വാഷിംഗ്ടൺ സർവകലാശാലയിലാണ് ഫിലിപ്പ് എച്ച്. ഡൈബ്വിഗ് പ്രവർത്തിക്കുന്നത്. ഒമ്പത് ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.
സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം
അതേ സമയം, ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളുമാണ് പങ്കിട്ടത്. ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ ലിബർട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്ക്കാരം.
രസതന്ത്ര നൊബേല്‍ പുരസ്‍കാരം മൂന്നുപേര്‍ പങ്കിടും. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‍ക്കാരം. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‍കാരം പങ്കിട്ടത്. ബാരി ഷര്‍പ്ലെസിന് പുരസ്‍കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.
ഭൗതിക ശാസ്ത്ര നോബേൽ പുരസ്‍കാരത്തിന് ഇത്തവണ അര്‍ഹരായതും മൂന്ന് പേരാണ്. ഫ്രാൻസിൽ നിന്നുള്ള ഏലിയാൻ ഏസ്പെക്ടിനും അമേരിക്കകാരനായ ജോൺ എഫ് ക്ലോസർക്കും ഓസ്ട്രിയയിൽ നിന്നുള്ള ആന്‍റോണ്‍ സെലിങർക്കുമാണ് പുരസ്‍ക്കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങൾക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്കാണ് മൂന്ന് പേരും നേതൃത്വം നൽകിയത്.
2022 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന് ലഭിച്ചു. അനീ എര്‍നുവിന്‍റെ ആത്മകഥാപരമായ സാഹിത്യ സൃഷ്ടികൾക്കാണ് അംഗീകാരം. വ്യക്തി ബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യവുമാണ് അനിയുടെ കൃതികളിലെ കാതൽ. എഴുത്തിനെ സാമൂഹിക വിമോചനത്തിനുള്ള വഴിയായി അനി ഉപയോഗപ്പെടുത്തിയെന്ന് നൊബേൽ സമിതി വിലയിരുത്തി.