ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിൻഡ അറിയിച്ചു. അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
'എന്നെ സംബന്ധിച്ചിടത്തോളം സമയമായി' എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്. 'ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും അതിനു ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഇത്തരത്തിൽ വിശേഷപ്പെട്ട ഒരു പദവി ഒരു ഉത്തരവാദിത്തമാണ്. രാജ്യത്തെ നയിക്കാൻ നിങ്ങൾ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിർവഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ല.'–ജസിൻഡ പറഞ്ഞു.