ഇരട്ടത്താപ്പിന് സ്ഥാനമില്ല; ‘യുദ്ധമല്ല, സംഭാഷണവും നയതന്ത്രവുമാണ് പിന്തുണക്കുന്നത്’: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി
ഭീകരവാദത്തെയും ഭീകരവാദത്തിന് ഫണ്ട് നൽകുന്നതിനെയും എതിർക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ഏകകണ്ഠവും ശക്തവുമായ സഹകരണത്തിന് ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദത്തിന്റെ വെല്ലുവിളി എന്ന വിഷയത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.
ഞങ്ങൾ യുദ്ധത്തെയല്ല, സംഭാഷണങ്ങളെയും നയതന്ത്രത്തെയുമാണ് പിന്തുണക്കുന്നതെന്ന് പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾ തീവ്രവാദ ചിന്തകളിലേക്ക് മാറുന്നത് തടയാൻ സജീവമായ നടപടികൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ‘ബ്രിക്സ്’ വിഭജനമല്ല, പൊതുതാൽപ്പര്യമുള്ള സംഘമാണ് എന്ന സന്ദേശം നാം ലോകത്തിന് നൽകണമെന്നും മോദി കൂട്ടിച്ചേർത്തു.
36 രാജ്യങ്ങളാണ് റഷ്യയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് ഇത്രയുമധികം രാജ്യങ്ങൾ ഉച്ചകോടിയുടെ ഭാഗമാകുന്നത്. റഷ്യയും വളരെ പ്രാധാന്യത്തോടെയാണ് ഉച്ചകോടിയെ കാണുന്നത്.
ബ്രിക്സിന്റെ തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുണ്ടായിരുന്നത്. പിന്നീട് ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇതിന്റെ ഭാഗമായി. തുർക്കി, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ ബ്രിക്സിൽ അംഗമാകാൻ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ മറ്റു പല രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അഞ്ച് വർഷത്തിനിടെ ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി ചർച്ചയാണിത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റങ്ങളുടെ പേരിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം ഇന്ത്യയും ചൈനയും ലഡാക്കിൽ സേനാപിന്മാറ്റ ധാരണയിലേക്ക് എത്തുകയുണ്ടായി. അതിർത്തിയിൽ സംയുക്ത പട്രോളിങ് പുനരാരംഭിക്കാനും തീരുമാനമായി.
ചൈനയും ഇന്ത്യയും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്. 2020ൽ ഗാൽവൻ സംഘർഷത്തെ തുടർന്നായിരുന്ന ഇരുസൈന്യവും പട്രോളിങ് നിർത്തിവച്ചത്. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. 20ഓളം ഇന്ത്യൻ ജവാന്മാർ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്.modi said we support dialogue and diplomacy not war
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) ആണ് സംയുക്ത പട്രോളിങ് നടത്താൻ ധാരണയായിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര വൃത്തങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഇതിന് പിന്നാലെയാണ് ഇരു രാഷ്ട്രങ്ങളുടെ തലവൻമാർ റഷ്യയിൽ ഉഭയകക്ഷി ചർച്ച നടത്തുന്നത്.