യമൻ തീരത്ത് യുഎസ് ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം

Update: 2024-01-16 05:12 GMT

യമൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണം കപ്പലിന് മുകളിൽ പതിക്കുക ആയിരുന്നു. കപ്പലിൽ തീ പടർന്നെങ്കിലും ആളപായമില്ല. ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ആണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് സൂചന.

ചരക്കു കപ്പൽ അക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചെങ്കടലിൽ ഒരു അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണ ശ്രമം നടന്നു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കും മുൻപ് തകർത്തതായി അമേരിക്ക വ്യക്തമാക്കി.

പുതിയ സംഭവത്തോടെ ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകാൻ അമേരിക്ക ഒരുങ്ങുന്നു എന്നാണു സൂചന.യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News