ഇത് അവസാന പിറന്നാൾ ആയിരിക്കട്ടെ; ഹമാസ് സ്ഥാപക ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് ഇസ്രയേൽ

Update: 2023-12-15 07:28 GMT

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ആം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. "36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്‍റെ അവസാനത്തേതായിരിക്കട്ടെ'' ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാസയെ ഹമാസിൽ നിന്ന് മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

അതേസമയം യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗാസയിലെ ജനങ്ങള്‍. ഭക്ഷ്യക്ഷാമം ഗാസയിൽ രൂക്ഷമാണ്.ഒരു കാന്‍ ബീന്‍സിന് സാധാരണയെക്കാള്‍ 50 ഇരട്ടി പണം കൂടുതല്‍ നല്‍കേണ്ടി വരുന്നു. മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ഗാസയുടെ ദൈനംദിന ജീവിതത്തെ തളർത്തിയിരിക്കുകയാണ്. തെക്കൻ ഗാസയിലെ ഈജിപ്തിന്റെ അതിർത്തിയോട് ചേർന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സഹായ വിതരണം നടക്കുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് OCHA അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ഒരു സഹായവും ലഭിക്കുന്നില്ല. ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളിൽ 1.9 ദശലക്ഷം പേർ പലായനം ചെയ്യപ്പെട്ടതായി യുഎൻ കണക്കാക്കുന്നു.അതിനിടെ, ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്ക് മേഖല രണ്ട് പതിറ്റാണ്ടിനിടെ കാണാത്ത വിധത്തിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

Tags:    

Similar News