നിർബന്ധിത വധശിക്ഷ ഒഴിവാക്കാൻ മലേഷ്യ

Update: 2023-04-04 02:10 GMT

ചില കുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമാക്കിയിരുന്നത് നിയമം റദ്ദാക്കാൻ മലേഷ്യൻ പാർലമെന്റ് തീരുമാനിച്ചു. ഇതോടെ 1300ൽ അധികം വരുന്ന തടവുകാർ വധശിക്ഷയിൽനിന്നു രക്ഷപ്പെടുമെന്നാണ് വിവരം. വധശിക്ഷ ഒഴിവാക്കുന്നതോടെ അത്തരം കേസുകളിൽ പരമാവധി 40 വർഷം വരെ തടവുശിക്ഷ ഏർപ്പെടുത്താവുന്ന തരത്തിൽ നിയമം പരിഷ്കരിക്കുമെന്ന് മലേഷ്യൻ ഉപ നിയമന്ത്രി രാംകർപാൽ സിങ് പറഞ്ഞു.

നേരത്തേ, കൊലപാതകം, ലഹരിമരുന്ന് കടത്ത്, രാജ്യദ്രോഹം, തട്ടിക്കൊണ്ടുപോകൽ, ഭീകരപ്രവർത്തനം തുടങ്ങി നിരവധിക്കേസുകളിൽ വധശിക്ഷയല്ലാതെ മറ്റൊരു വിധി മലേഷ്യൻ നിയമപ്രകാരം സാധ്യമല്ലായിരുന്നു. മറ്റൊരു ജീവൻ നഷ്ടപ്പെടാത്ത തരത്തിലുള്ള പല കേസുകളിൽപ്പോലും നിലവിലെ നിയമം അനുസരിച്ച് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്.

നിലവിലെ നിയമം റദ്ദാക്കി പുതിയ ബിൽ നിയമമാകുന്നതോടുകൂടി 1318 തടവുകാർ മരണവാതിലിൽനിന്നു രക്ഷപ്പെടുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിൽ 842 പേർ വിവിധ തലങ്ങളിൽ അപ്പീൽ നൽകി പരാജയപ്പെട്ടിരിക്കുന്നവരാണ്. ഇവരിൽ പലരുടെയും കേസുകൾ ലഹരിമരുന്നു കടത്താണ്. പുതിയ നിയമം പ്രാബല്യത്തിലായാൽ അവരുടെ ശിക്ഷ കുറയ്ക്കാൻ അപ്പീൽ പോകാൻ സാധിക്കും.

അതേസമയം, മരണശിക്ഷ നൽകേണ്ട കേസുകളിൽ അവ നൽകാൻ കോടതികൾക്ക് കഴിയുമെന്നും ചില കേസുകളിൽ മരണശിക്ഷ നിർബന്ധമെന്ന നിബന്ധന മാറ്റിയതേ ഉള്ളൂവെന്നും രാംകർപാൽ സിങ് പറഞ്ഞു. ബില്ലിന് ഇനി ഉപരിസഭയുടെയും രാജാവിന്റെയും അനുമതി വേണം. 2018 മുതൽ വധശിക്ഷയ്ക്കുമേൽ മൊറട്ടോറിയം ഏർപ്പെടുത്തിയിരിക്കുകയാണ് മലേഷ്യ. ഇതുവരെ 500ൽ അധികം വിദേശികളും മലേഷ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുണ്ട്.

Tags:    

Similar News