ബഹിരാകാശ സഞ്ചാരിയുടെ സ്യൂട്ടിൽ ചോർച്ച, ബഹിരാകാശ നടത്തം നാസ നിർത്തിവച്ചു

Update: 2024-06-27 13:04 GMT

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആസൂത്രണം ചെയ്ത ബഹിരാകാശ നടത്തം നാസ നിർത്തിവച്ചു. ബഹിരാകാശ നടത്തത്തിനിടെ ബഹിരാകാശസഞ്ചാരിയുടെ സ്പേസ് സ്യൂട്ടിന്റെ കൂളിങ് സിസ്റ്റത്തിൽ നിന്ന് വെള്ളം ചോർന്നതിനാലാണ് നടത്തം നിർത്തിവച്ചതെന്നു ബ്ലോഗ് പോസ്റ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാസ ബഹിരാകാശയാത്രികരായ ട്രേസി ഡൈസണും മൈക്ക് ബരാറ്റും ബഹിരാകാശ നടത്തത്തിനായി തയാറെടുക്കുകയായിരുന്നു. എന്നാൽ എയർലോക്ക് വിടാനൊരുങ്ങിയ നാസ ബഹിരാകാശയാത്രിക ട്രേസി, തന്റെ സ്‌പേസ് സ്യൂട്ടിൽ നിന്ന് വെള്ളം തെറിക്കുന്നതും ശിരോകവചത്തെ ഐസ് മൂടുന്നതും കണ്ട് പരിഭ്രാന്തയായി. ട്രേസി തന്റെ സ്യൂട്ട് ബാറ്ററി പവറിലേക്ക് മാറ്റിയപ്പോഴാണ് ചോർച്ചയുണ്ടായത്. ഈ സമയം തൽസമയ ദൃശ്യങ്ങൾ നാസ പുറത്തു വിട്ടുകൊണ്ടിരിക്കുകയായിരുന്നു. 

Full View

കൂളിങ് യൂണിറ്റിലെ ചോർച്ചയാണെന്നു മനസിലായതോടെ നാസ അധികൃതർ ബഹിരാകാശ നടത്തം നിർത്തിവച്ചു. സ്‌പേസ് സ്യൂട്ടുകളിലെ കൂളിങ് യൂണിറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ധരിക്കുന്നവരുടെ ശരീരം സുഖകരമായ താപനിലയിൽ നിലനിർത്തുന്നതിനാണ്. തകരാറിലായ കമ്യൂണിക്കേഷൻ ബോക്സിലെ ആന്റിന നീക്കം ചെയ്യുകയും ബഹിരാകാശത്തെ സൂക്ഷ്മാണുക്കളുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു ഏഴ് മണിക്കൂർ നീണ്ടുനിൽക്കേണ്ടിയിരുന്ന ബഹിരാകാശ നടത്തത്തിന്റെ ലക്ഷ്യം. എന്നാൽ, 30 മിനിറ്റ് മാത്രമേ ഇവർക്ക് നടക്കാനയൊള്ളു. 

Tags:    

Similar News