പ്രസിഡന്റാകാൻ എന്നേക്കാൾ യോഗ്യനില്ല; ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള വാദത്തെ തള്ളി ബൈഡൻ

Update: 2024-07-06 09:42 GMT

ദൈവം പറഞ്ഞാലേ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളൂവെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ള വാദത്തെ ബൈഡൻ തള്ളി. കഴിഞ്ഞയാഴ്ച അറ്റ്ലാന്റയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡൻ നടത്തിയതു മോശം പ്രകടനമാണെന്ന വിലയിരുത്തൽ വന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് ബൈഡൻ പിന്മാറണമെന്നു പാർട്ടി അണികളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനൽ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ക്ഷീണം മാറ്റുന്നതിനായി വിവിധ അഭിമുഖ പരമ്പരകളാണു ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാർട്ടി ഒരുക്കിയിരിക്കുന്നത്.

പാർട്ടിയിൽ ഉയർന്നുവരുന്ന എതിർപ്പ് ഇല്ലാതാക്കാൻകൂടിയാണ് എബിസി ന്യൂസിന്റെ 22 മിനിറ്റ് ദൈർഘ്യം വരുന്ന അഭിമുഖത്തിലൂടെ ബൈഡൻ ക്യാംപ് ശ്രമിക്കുന്നത്. ട്രംപുമായുള്ള ആദ്യ സംവാദ ദിവസം ക്ഷീണിതനായിരുന്നെന്നും അസുഖബാധിതനായിരുന്നുവെന്നുമാണു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അഭിമുഖത്തിൽ ബൈഡൻ വിശദീകരിക്കുന്നത്. ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാൻ തന്നേക്കാൾ യോഗ്യനായ മറ്റൊരാളില്ലെന്നും ബൈഡൻ അഭിമുഖത്തിൽ അവകാശപ്പെടുന്നു. അതേസമയം, മാനസിക ആരോഗ്യത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

Tags:    

Similar News