ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ പിന്തുണയ്ക്കില്ല; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

Update: 2024-10-03 02:06 GMT

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി.

ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ചത്തെ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിവിധ സാധ്യതകൾ പരിഗണിക്കുന്നതിനിടെയാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Similar News