ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം ഹൃദയഭേദകമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ പ്രാര്‍ഥനകള്‍ ഇന്ത്യയിലെ ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് 7.20ന് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 300ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1091 പേര്‍ക്ക് പരുക്കേറ്റെന്നും ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെയോടെ ട്രെയിന്‍ ഗതാഗതം പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.