അടുത്ത തിങ്കളാഴ്ചയോടെ ഗസയിൽ വെടി നിർത്തൽ സാധ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

Update: 2024-02-27 14:53 GMT

അടുത്ത തിങ്കളാഴ്ചയോടെ ഇസ്രായേൽ - ഹമാസ് ​വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഖത്തറിലെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ അഭിപ്രായ പ്രകടനം വരുന്നത്.വാരാന്ത്യത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി.

കരാറിലേക്ക് അടുക്കുകയാണെന്നാണ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടവ് അറിയിച്ചത്. നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത തിങ്കളാഴ്ചയോടെ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ വ്യക്തമാക്കി. ഏകദേശം മാർച്ച് 10ന് ആരംഭിച്ച് ഏ​പ്രിൽ ഒമ്പതിന് അവസാനിക്കാൻ സാധ്യതയുള്ള റമദാൻ മാസം ഗാസയിൽ സൈനിക നടപടികൾ നിർത്തിവെക്കാൻ ഇസ്രായേൽ സമ്മതിച്ചതായും ബൈഡൻ പറഞ്ഞു.

തെക്കൻ ഗാസയിലെ റഫ നഗരത്തിൽ ആക്രമണം നടത്തും മുമ്പ് പലസ്തീനികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്. പലസ്തീനികളുടെ മരണസംഖ്യ ഉയരുന്നത് ഇസ്രായേലിന് അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കും. ഇസ്രായേലിന് ആത്യന്തികമായി അതിജീവിക്കാനുള്ള ഒരേയൊരു മാർഗം ഇസ്രായേലിനും പലസ്തീനും ഇടയിൽ സമാധാനവും സുരക്ഷിതത്വവും നൽകുന്ന കരാറിലെത്തുക എന്നതാണെന്നും ബൈഡൻ വ്യക്തമാക്കി.

ബൈഡന്റെ വാക്കുകൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുള്ള സന്ദേശമാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബൈഡൻ നെതന്യാഹുവിന് സൂചനകൾ നൽകുകയാണ്. ചർച്ചകൾ വേഗത്തിലാക്കണമെന്നും തിങ്കളാഴ്ചയോടെ വെടിനിർത്തൽ കരാറിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയാണ്. അല്ലെങ്കിൽ ബൈഡൻ സ്വയം അപമാനിതനാകും. ഇത് ഒരിക്കലും ഒരു യു.എസ് പ്രസിഡന്റിന് അംഗീകരിക്കാനാകില്ലെന്നും അൽജസീറ വ്യക്തമാക്കുന്നു.

കൂടാതെ ചൊവ്വാഴ്ച പ്രസിഡൻഷ്യൽ പ്രൈമറി നടക്കുന്ന മിഷിഗണിലെ വോട്ടർമാരെ കൂടി ലക്ഷ്യമിട്ടുള്ളതാണ് ബൈഡന്റെ പ്രസ്താവനകൾ. ഇസ്രായേലിനുള്ള പിന്തുണയിൽ പ്രതിഷേധിച്ച് നിരവധി അറബ്, മുസ്‍ലിം വോട്ടർമാർ ബാലറ്റുകളിലൂടെ ബൈഡന് മറുപടി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ 157,000 വോട്ടുകൾക്കാണ് ബൈഡൻ മിഷിഗണിൽ നിന്ന് വിജയിച്ചത്. ഇവിടെ ഏകദേശം മൂന്ന് ലക്ഷം അറബ്, മുസ്‍ലിം അമേരിക്കാരുണ്ട്. ഇവരെ കൈയിലെടുക്കാൻ കൂടിയാണ് ബൈഡൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ ഖത്തറിൽ നടക്കുന്നത്. ആറാഴ്ചത്തെ വെടിനിർത്തൽ നിർ​ദേശമാണ് ഉയർന്നിരിക്കുന്നത്. ഗസ്സക്ക് സഹായം അനുവദിക്കുക, ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരം ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നിട്ടുണ്ട്.

അതേസമയം, ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കില്ലെന്നും വെടിനിർത്തൽ കരാറിൽ എത്തിയാലും റഫയിൽ ആക്രണം തുടരുമെന്നുമാണ് ഇസ്രായേൽ പറയുന്നത്. ഇസ്രായേൽ ആക്രണമത്തിൽ ഇതുവരെ ഗസ്സയിൽ 29,878 പേരാണ് കൊല്ലപ്പെട്ടത്. 70,215 ​പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ സൈന്യം 11 കൂട്ടക്കൊലകൾ നടത്തിയതായും 96 പേർ കൊല്ലപ്പെടുകയും 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.

Tags:    

Similar News