ഗാസയിലെ മസ്ജിദ് റെസ്റ്റോറന്റാക്കി ഇസ്രയേൽ സൈന്യം ; ദൃശ്യങ്ങൾ പുറത്ത് , പ്രതിഷേധം ശക്തം

Update: 2024-06-13 16:50 GMT

കുരുന്നുകളെയടക്കം അതിക്രൂരമായി കൊന്നൊടുക്കി വംശ​ഹത്യ തുടരുന്ന ​ഗസ്സയിൽ പള്ളി റെസ്റ്റോറന്റാക്കി ഇസ്രായേൽ സേന. ആക്രമണം രൂക്ഷമായ ​റഫാ അതിർത്തി മേഖലയിലെ ​മസ്ജിദാണ് സൈനികർ റെസ്റ്റോറന്റാക്കി മാറ്റിയത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

ഗാസ്സയുടെയും ഈജിപ്തിന്റേയും അതിർത്തിയായ റഫയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ കയറി മേശകളും പാത്രങ്ങളുമുൾപ്പെടെ നിരത്തി ഇസ്രായേൽ സൈനികർ ഭക്ഷണം തയാറാക്കുന്നത് വീഡിയോയിൽ കാണാം. നിരവധി ഇസ്രായേൽ സൈനികരാണ് പള്ളിക്കുള്ളിലുള്ളത്. ചിലർ ഭക്ഷണം എടുക്കുന്നതും മറ്റു ചിലർ അകത്തും പുറത്തും തോക്കുമായി നിൽക്കുന്നതും വീഡിയോയിലുണ്ട്. പള്ളിക്ക് പുറത്ത് ഇസ്രായേലി ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.

പ്രദേശവാസികൾ ആരാധന നടത്തുന്ന ഏറ്റവും പ്രധാന പള്ളിയാണ് ​ഇത്. ആഴ്ചകളായി റഫയിലും കടന്നുകയറി വ്യാപക ആക്രമണത്തിലൂടെ കൂട്ടക്കൊല തുടരുന്ന അധിനിവേശ സേന ഈ പള്ളിയും കൈയടക്കി ഭക്ഷണശാലയാക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ഈ ആരാധനാലയത്തിലേക്ക് പ്രവേശനം നിഷേധിച്ചാണ് നടപടി.

ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ മാത്രം ഇതുവരെ ആയിരത്തിലേറെ പള്ളികളാണ് ഇസ്രായേൽ സേന ​തകർത്തതെന്ന് അധികൃതർ പറയുന്നു. ഇതിൽ ഭൂരിഭാ​ഗവും പൂർണമായും തകർന്നവയാണ്.

പള്ളികളുടെ പുനർനിർമാർണത്തിനായി ഏകദേശം 500 മില്യൺ ഡോളർ ചെലവ് വരുമെന്നും ​ഗസ എൻഡോവ്‌മെന്റ്- മതകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പള്ളികൾ തകർത്തതിന്റെ വീഡിയോകൾ ഇസ്രായേൽ സൈനികർ തന്നെ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരിയിൽ ഒരു ഇസ്രായേൽ സൈനികൻ ഗാസ്സയിലെ ഒരു പള്ളിയിൽ ബോംബാക്രമണം നടത്തിയതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞമാസം ഗാസ്സ മുനമ്പിൽ ഒരു ഇസ്രായേൽ സൈനികൻ ഖുർആനിന്റെ പകർപ്പ് തീയിലേക്ക് വലിച്ചെറിയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും കാരണമാവുകയും ചെയ്തു.

പലസ്തീൻ ജനതയുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങൾ സംരക്ഷിക്കാനും കൂട്ടക്കൊലയടക്കമുള്ള ഇസ്രയേലിന്റെ പ്രവൃത്തികളിൽ കർശന നടപടിയെടുക്കാനും നിരവധി മനുഷ്യാവകാശ സംഘടനകൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, സെൻട്രൽ ഗാസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേർക്കാൻ അഭ്യർഥിക്കണമെന്ന് ഫലസ്തീൻ പ്രസിഡൃന്റ് മഹ്മൂദ് അബ്ബാസ് യുഎന്നിലെ പലസ്തീൻ പ്രതിനിധിക്ക് നിർദേശം നൽകി.

ഗാസ്സയിലും വെസ്റ്റ് ബാങ്കിലും അരങ്ങേറുന്ന മാനുഷിക ദുരന്തം തടയാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ കുറ്റകൃത്യങ്ങൾ തുടരാൻ ഇസ്രായേലിന് സഹായകമാവുന്നത് അന്താരാഷ്ട്ര നിശബ്ദതയും യുഎസിന്റെ പിന്തുണയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News