അൽഅഖ്‌സ പള്ളിയിലെ ഇമാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുൻ പലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമയാണു കൊല്ലപ്പെട്ടത്.ഇന്ന് മധ്യ ഗാസയിലെ മഗാസി ക്യാംപിലെ വീടിനുനേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നത്. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.
അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ശേഷം നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ 70 ശതമാനം വീടുകളും തകർന്നതായി ഹമാസ് മാധ്യമ വിഭാഗം അറിയിച്ചു. ആകെ 4,39,000 വീടുകളുള്ളിടത്ത് മൂന്നു ലക്ഷവും പൂർണമായി തകർന്നിട്ടുണ്ടെന്നാണു വിവരം. നഗരത്തിലെ 200ഓളം പൈതൃക-പുരാവസ്തു കേന്ദ്രങ്ങൾ പൂർണമായും തകർന്നതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഗാസയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 29,000 ബോംബുകളാണ് ഇസ്രായേൽ വർഷിച്ചതെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. ക്രിസ്ത്യൻ പള്ളികളും ആശുപത്രികളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗാസയിലെ മരണസംഖ്യ 21,672 ആയിട്ടുണ്ട്. പരിക്കേറ്റവർ അരലക്ഷം കടന്നു. 56,165 ആണ് ഒടുവിൽ പുറത്തുവരുന്ന പരിക്കേറ്റവരുടെ എണ്ണം.