'ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടും'; അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം, 13 മരണം

Update: 2023-10-22 04:46 GMT

ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനിടെ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും യുഎൻ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നാരോപിച്ച് ഒരു പള്ളിക്ക് നേരെയും ആക്രമുണ്ടായി. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും ആശങ്കയുണ്ട്. വെസ്റ്റ്ബാങ്കിലെ പ്രസിദ്ധമായ പള്ളിയായിരുന്നു ഇത്.  ഇതിനിടെ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസ മുനമ്പിലേക്ക് ഉടൻ കയറുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. കരയാക്രമണത്തിലേക്ക് പ്രവേശിക്കുന്ന സൈനികർക്ക് സഹായമൊരുക്കാൻ ഇന്ന് മുതൽ വ്യോമാക്രമണം വർധിപ്പിക്കാനാണ് ഇസ്രയേൽ തീരുമാനം.

'ഞങ്ങൾ ആക്രമണങ്ങൾ വർദ്ധിപ്പിക്കും, യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളിൽ ഞങ്ങളുടെ സൈനികരുടെ അപകടസാധ്യത കുറയ്ക്കും, ഇന്ന് മുതൽ ഞങ്ങൾ ആക്രമണം ശക്തമാക്കും' ടെൽ അവീവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.

ഗാസ സിറ്റിയിലും മറ്റുമുള്ളവരോട് തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്യാനാണ് ഇസ്രയേൽ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇല്ലെങ്കിലും ഹമാസിന്റെ പങ്കാളികളായി കണക്കാക്കുമെന്നും ആക്രമണം നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്.

Tags:    

Similar News