ഇസ്രയേൽ ആക്രമണം തുടരുന്നു ; റഫയിൽ നിന്ന് പലായനം ചെയ്ത് ജനങ്ങൾ

Update: 2024-05-10 11:37 GMT

ഇസ്രായേല്‍ ആക്രമണം കനപ്പിക്കുന്നതിനിടെ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര്‍ പലായനം ചെയ്തതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്‌ള്യു.എ വെള്ളിയാഴ്ച അറിയിച്ചു. റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് പോവുകയാണ്.

ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല. സാഹചര്യങ്ങള്‍ ക്രൂരമാണ്. ഒരേയൊരു പ്രതീക്ഷ അടിയന്തര വെടിനിര്‍ത്തല്‍ മാത്രമാണെന്നും യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച കിഴക്കന്‍ റഫയിലെ പലസ്തീനികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. അടുത്ത ദിവസം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയുടെ നിയന്ത്രണവും സൈന്യം പിടിച്ചെടുത്തു. കൂടാതെ എല്ലാവിധ ഗതാഗത സംവിധാനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രായേല്‍ സൈന്യം ജനങ്ങളോട് പലായനം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ടെക്‌സ്റ്റ് മെസേജ്, ഫോണ്‍ കോള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് മുന്നറിപ്പ് നല്‍കുന്നത്.

റഫയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരും രോഗികളുമെല്ലാം സുരക്ഷിത ഇടം തേടി അലയുകയാണ്. അതിര്‍ത്തികള്‍ അടച്ചതോടെ മാനുഷിക സഹായ വിതരണവും നിലച്ചിട്ടുണ്ട്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഭക്ഷണവും വെള്ളവും മറ്റു അവശ്യവസ്തുക്കളും ലഭിക്കാതെ പട്ടിണി വ്യാപിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തവരടക്കം 15 ലക്ഷത്തോളം ഫലസ്തീനികള്‍ തെക്കന്‍ ഗാസയിലെ റഫയില്‍ താമസിക്കുന്നുണ്ട്.

ഹമാസിനെ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റഫയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കാനൊരുങ്ങുന്നത്. എന്നാല്‍, ഇതിനെതിരെ അമേരിക്കയടക്കം രംഗത്തുവന്നിട്ടുണ്ട്. റഫ ആക്രമിച്ച് ഹമാസിനെ ഇല്ലാതാക്കാമെന്നത് ഇസ്രായേലിന്റെ വ്യാമോഹം മാത്രമാണെന്നാണ് അമേരിക്കയുടെ പക്ഷം.

റഫയെ ആക്രമിച്ച് ഇസ്രായേലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കെര്‍ബി പറഞ്ഞു. ഹമാസിന് കാര്യമായ തിരിച്ചടികള്‍ ഇസ്രായേല്‍ സൈന്യം നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ നാശനഷ്ടം വരുത്തുന്ന ആക്രമണത്തേക്കാള്‍ ഹമാസിനെതിരെ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റഫയിലെ കരയാക്രണത്തിന്റെ ബദലുകളെ കുറിച്ച് യു.എസ് - ഇസ്രായേല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. ജനം തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ആക്രമണം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് അവര്‍ പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും ജോണ്‍ കെര്‍ബി കൂട്ടിച്ചേര്‍ത്തു. ഈജിപ്തില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയും റഫ ആക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേല്‍ അറിയിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം വരുന്നത്.

റഫയില്‍ കരയാക്രമണം നടത്തുന്നത് ആഗോളതലത്തില്‍ ഇസ്രായേലിന്റെ നില കൂടുതല്‍ വഷളാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഹമാസിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ വരെ ഇസ്രായേലിനോട് അകലാന്‍ ഇടയാക്കും. കൂടാതെ ബന്ദിമോചന കരാറുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രായേലിലേക്കുള്ള 3500 ബോംബുകളുടെ കയറ്റുമതി അമേരിക്ക തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം, തങ്ങളുടെ കൈവശം ആവശ്യത്തിന് യുദ്ധ സാമഗ്രികള്‍ ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. റഫയിലെ ദൗത്യം ഉള്‍പ്പെടെ ആസൂത്രണം ചെയ്യുന്ന എല്ലാ ഓപറേഷനുകള്‍ക്കും വേണ്ട ആയുധങ്ങള്‍ ഐ.ഡി.എഫിന്റെ കൈവശമുണ്ടെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തങ്ങള്‍ക്ക് ഒറ്റക്ക് നില്‍ക്കാന്‍ സാധ്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കയുടെ മുന്നറിയിപ്പിന് മറുപടിയായി പറഞ്ഞു. 76 വര്‍ഷം മുമ്പുള്ള സ്വാതന്ത്ര്യ സമര കാലത്തും അധികപേരും ഞങ്ങള്‍ക്ക് എതിരായിരുന്നു. ഞങ്ങള്‍ക്ക് ആവശ്യത്തിന് ആയുധങ്ങള്‍ ഇല്ലായിരുന്നു. ഇസ്രായേലിന് മേല്‍ ആയുധം ഉപരോധം ഉണ്ടായിരുന്നു. പക്ഷെ, ആത്മാവിന്റെ ശക്തി കൊണ്ടും ഞങ്ങളുടെ ഉള്ളിലെ ഐക്യം കാരണവും അന്ന് വിജയിച്ചുവെന്ന് നെതന്യാഹു പറഞ്ഞു.

ഇന്ന് ഞങ്ങള്‍ കൂടുതല്‍ ശക്തരാണ്. നമ്മുടെ ശത്രുക്കളെയും നമ്മളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയും പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയമുണ്ട്. ആവശ്യമാണെങ്കില്‍ നഖം ഉപയോഗിച്ചും യുദ്ധം ചെയ്യും. എന്നാല്‍, ഞങ്ങള്‍ക്ക് നഖങ്ങളേക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ കൈവശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

Tags:    

Similar News