പുതുവത്സര ദിനത്തിലും ഗാസ്സയിൽ ഇസ്രായേലിൻ്റെ കനത്ത ആക്രമണം. 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വടക്കൻ ജബലിയയിലും ബുറൈജ് അഭയാർഥി ക്യാമ്പിന് നേരെയുമായിരുന്നു ആക്രമണം. ജബലിയയിൽ 15 പേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു.
ഹമാസ് പോരാളികൾ വീണ്ടും സംഘടിക്കുന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. എന്നാൽ, വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച് ബഫർ സോണാക്കി മാറ്റുകയാണ് ഇസ്രായേലിൻ്റെ ലക്ഷ്യമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബുറൈജ് അഭയാർഥി ക്യാമ്പിൽ കഴിയുന്നവരോട് ഇസ്രായേൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ വലിയ രീതിയിലുള്ള ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഇതോടെ നിരവധി കുടുംബങ്ങളാണ് കയ്യിൽ കിട്ടിയ സാധനങ്ങളുമായി തെരുവിലിറങ്ങിയത്. നിലവിൽ ഗസ്സയിൽ അതിശൈത്യത്തോടൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്. ഇതെല്ലാം ഗസ്സക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടർന്ന് 1500ഓളം ടെൻറുകൾ ഉപയോഗശൂന്യമായതായി ഫലസ്തീൻ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു.
ഗാസ്സക്ക് പുറമെ വെസ്റ്റ് ബാങ്കിലും ഇസ്രായേലി സൈന്യത്തിൻ്റെ അതിക്രമങ്ങൾ തുടരുകയാണ്. ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ തമ്മുൻ പ്രദേശത്തുനിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഹമാസിെൻറ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് പുതുവർഷപ്പുലരിയിൽ ഇസ്രായേൽ ലക്ഷ്യമാക്കി റോക്കറ്റുകൾ വിക്ഷേപിച്ചു. നെറ്റിവോട്ട് സെറ്റിൽമെൻറിന് നേരെയായിരുന്നു ആക്രമണം. പുതുവർഷം പിറന്നതിന് പിന്നാലെ പ്രദേശത്ത് അപായ സൈറണുകൾ മുഴങ്ങി.
ഗാസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ സ്തംഭിച്ചിരിക്കുകായണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ജീവനുള്ള ബന്ദികളെ മാത്രമേ സ്വീകരിക്കൂവെന്നും ഹമാസ് ആവശ്യപ്പെട്ട ചില തടവുകാരെ വിട്ടയക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ഇസ്രായേലെന്ന് അറബ് മധ്യസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കരാർ യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയായിരിക്കണമെന്ന് ഹമാസും ആവശ്യപ്പെടുന്നുണ്ട്.