ഇന്തോനേഷ്യയില്‍ മരിച്ച കുട്ടികളുടെ എണ്ണം 133 കടന്നു; സിറപ്പുകള്‍ക്കും രാജ്യത്ത് നിരോധനം

Update: 2022-10-24 01:47 GMT

ഇന്തോനേഷ്യയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ചു . മാരകമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നിരോധന ഉത്തരവ്. സിറപ്പില്‍ അടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം 133 കുട്ടികളാണ് ഇന്തോനേഷ്യയില്‍ ഈയടുത്ത മാസങ്ങളിലായി മരിച്ചത്.

സിറപ്പ് നിരോധത്തെ തുടര്‍ന്ന് ഇന്തോനേഷ്യ, രാജ്യത്തെ കുട്ടികളിലെ 200ലധികം വൃക്കരോഗികളെകുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച 133 കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ്. ഔദ്യോഗിക കണക്ക് ഇതില്‍ കൂടുതലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഗാംബിയയിലെ 70 കുട്ടികളുടെ മരണത്തിനും ഗുരുതരമായ വൃക്ക തകരാറുകള്‍ക്കും കാരണമായേക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെയും നടപടി. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയത്. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

പനിയ്ക്കും ചുമയ്ക്കുമായി നല്‍കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. അവിശ്വസനീയമായ അളവില്‍ കമ്പനി മരുന്നുകളില്‍ ഡൈഎതിലിന്‍ ഗ്ലൈകോളും എഥിലിന്‍ ഗ്ലൈക്കോളും ചേര്‍ക്കുന്നതായാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.

Tags:    

Similar News