യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതർ അവകാശപ്പെടുന്നത്.
വധശിക്ഷ നടപ്പാക്കുന്ന മുറിയിൽ എത്തിക്കഴിഞ്ഞാൽ ഒരു റെസിപ്രേറ്ററിലൂടെ (പ്രത്യേകതരം മാസ്‌ക്) വാതകം ശ്വസിക്കാൻ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും. യു.എസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷമുള്ള രാസവസ്തുക്കൾ കുത്തിവച്ചാണ് പൊതുവെ ശിക്ഷ നടപ്പാക്കാറുള്ളത്. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.