ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള ; തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയെന്ന് പ്രതികരണം

Update: 2024-04-24 10:18 GMT

ഇസ്രായേലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇസ്രായേലിലെ വടക്കൻ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും 'ആഴത്തിലുള്ള ആക്രമണം' ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രോണുകൾ ഉപയോഗിച്ച് ഏക്കറിനും നഹാരിയ്യയ്ക്കും ഇടയിലെ രണ്ട് ഇസ്രായേലി താവളങ്ങൾ ആക്രമിച്ചുവെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ഡ്രോണുകള്‍ പതിച്ച പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫേട്ടോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രായേല്‍ നിഷേധിച്ചു. ഇങ്ങനെയാരു ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രായേലിന്റെ വടക്കൻ മേഖലകളില്‍ രണ്ട് യുദ്ധ വിമാനങ്ങളെത്തിയതായി ഇസ്രായേല്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇവ തടഞ്ഞെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

തെക്കൻ ലെബനാൻ പട്ടണമായ ഹാനിനിലെ ജനവാസമേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനനിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“ഇസ്രായേലി യുദ്ധവിമാനങ്ങൾ രണ്ട് നിലകളുള്ള ഒരു വീടിന് നേരെ മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തി, ഇവിടെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം നഗരം വിട്ടുപോകാത്ത ഒരു കുടുംബം താമസിച്ചിരുന്ന കെട്ടിടം പൂർണ്ണമായും തകർത്തു''- ഇങ്ങനെയായിരുന്നു എൻ.എൻ.എയുടെ റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ചൊവ്വാഴ്ച തന്നെ, വടക്കൻ ഇസ്രായേല്‍ ലക്ഷ്യമാക്കി ഡസൻ കണക്കിന് റോക്കറ്റുകൾ ഹിസ്ബുള്ള വിക്ഷേപിച്ചതായാണ് വിവരം.

Tags:    

Similar News